മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 ൽ നടന്ന സ്ഫോടനകേസിൽ പ്രതികളായ സാധ്വി പ്രഗ്യക്കും ലഫ്റ്റനന്റ് കേണൽ പുരോഹിതിനും കോടതിയുടെ ആശ്വാസ വിധി. മക്കോക്കയും അനധികൃതമായി ആയുധം കൈവശം വച്ചതിന് ചുമത്തിയ കുറ്റങ്ങളും കോടതി നീക്കി.

എന്നാൽ ഇരുവർക്കും എതിരെ ചുമത്തിയ യുഎപിഎ നിയമത്തിലെ 18-ാം വകുപ്പ് കോടതി നിലനിർത്തി. എല്ലാ പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. ഇവരുടെ ജാമ്യം തുടരുമെന്നും കോടതി വ്യക്തമാക്കി.

ജനുവരി 15 നാണ് കേസിന്റെ അടുത്ത വിചാരണ. 2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് ആണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സാധ്വി പ്രഗ്യയെ ഇതേ വർഷം ഒക്ടോബറിനും ലഫ്റ്റനന്റ് കേണൽ പുരോഹിതിനെ നവംബറിലും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ഇരുവരുമാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ