അമൃത്സര്‍: ദുബായ്-അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെതിരെ അതിക്രമം. മദ്യപനായ പുരുഷ യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലെ കോട്‌ലി സ്വദേശിയാണ് ഇയാള്‍. വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പീഡനശ്രമം നടന്നതായും പൊലീസ് പറഞ്ഞു.
എയര്‍ ഹോസ്റ്റസ് സംഭവം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി, പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്രൂ അംഗങ്ങള്‍ ഇക്കാര്യം അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും എയര്‍ലൈനിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (സ്ത്രീയുടെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), സെക്ഷന്‍ 509 (സ്ത്രീയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.