മാലി: വിനോദ സഞ്ചാരദ്വീപായ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുളള യമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതാണ് കാരണമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മാലിദ്വീപിലുളള ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി.
പ്രസിഡന്റിന്റെ അടുത്ത അനുയായി അസിമ ഷുക്കൂറോണ്‍ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അധികാരം ഉറപ്പിക്കാൻ പ്രതിഷേധക്കാരെയും എതിരാളികളെയും അഴിക്കുള്ളിലാക്കാനുള്ള യാമീന്റെ ശ്രമമായി അടിയന്തരാവസ്ഥയെ വിലയിരുത്തുന്നു.
പാര്‍ലമെന്ററി സെക്രട്ടറിജനറല്‍ മുന്നറിയിപ്പില്ലാതെ രാജിപ്രഖ്യാപിച്ചതിന് ശേഷം പ്രതിപക്ഷം കടന്നുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ന് സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് പാര്‍ലമെന്ററി സെക്രട്ടറി ജനറല്‍ അഹമ്മദ് മുഹമ്മദ് കാരണങ്ങളൊന്നും വെളിപ്പെടുത്താതെയുള്ള രാജി പ്രഖ്യാപനം നടത്തിയത്. ഇന്ന് ആരംഭിക്കാനിരുന്ന പാര്‍ലമെന്റിന്റെ സമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ അനിശ്ചിതമായി മാറ്റിയതിനെ തുടര്‍ന്നായിരുന്നു സെക്രട്ടറി ജനറലിന്റെ രാജിയുണ്ടായത്. വ്യാഴാഴ്ച സുപ്രിം കോടതിയില്‍നിന്നുണ്ടായ വിധിയാണ് സര്‍ക്കാരും നീതിപീഠവുമായുള്ള ശീതയുദ്ധത്തിലേക്കും സംഘര്‍ഷാവസ്ഥയിലേയ്ക്കും നയിച്ചത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ ഉടന്‍ വിട്ടയയ്ക്കണമെന്നായിരുന്നു സുപ്രിംകോടതി വിധി.
വിധി നടപ്പിലാക്കില്ലെന്ന നിലപാടെടുത്ത പ്രസിഡന്റ് പ്രസിഡന്റ് യമീന് അബ്ദുള്‍ ഗയുമിനെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കവുമുണ്ടായി. അതിനിടെ യമീനിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനിലിന്റെ വെളിപ്പെടുത്തലുമുണ്ടായി. നീക്കം ഭരണഘടനാവിരുദ്ധവും ഏതുമാര്‍ഗം ഉപയോഗിച്ചും ഇംപീച്ച്മെന്റ് നീക്കത്തെ ചെറുത്തുനില്ക്കണമെന്നും അറ്റോര്‍ണി ജനറല്‍ സൈന്യത്തിനും പൊലീസിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമായും അറ്റോര്‍ണി ജനറളിന്റെ ഉപദേശത്തിന് അനുസൃതമായും മാത്രമേ സൈന്യം പ്രവര്‍ത്തിക്കാവൂ എന്ന് സുരക്ഷാസേനയുടെ മേജര്‍ ജനറല്‍ അഹമ്മദ് ഷിയാം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാലി ദ്വീപില്‍ ഒരു പ്രതിസന്ധിയുണ്ടാകുന്നത് നോക്കിനില്‍ക്കില്ലെന്നും ഭരണഘടനാവിരുദ്ധമായ ഉത്തരവുകള്‍ അനുസരിക്കാന്‍ സൈന്യത്തിന് ബാധ്യതയില്ലെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യമീന് വ്യക്തമാക്കി. രാജ്യം ഭരിക്കേണ്ടത് ആരെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞു. നവംബറിലാണ് യമീന്റെ കാലാവധി അവസാനിക്കുക.
യമീന്റെ പ്രധാന എതിരാളിയായ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെ രാജ്യത്ത് ജയിലില്‍ കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള പ്രസിഡന്റിന്റെ നീക്കം. എന്നാല്‍ സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ പ്രസിഡന്റ് അബ്ദുല്ല യമീന് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രാദേശിക അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് യമീന് നീക്കം നടത്തുന്നതെന്നും മുഖ്യപ്രതിപക്ഷമായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) ആരോപിച്ചു.
നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നടപടികള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ചയുണ്ടായ സുപ്രിംകോടതിയുടെ വിധിയില്‍ നഷീദിനെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്ന് നിരീക്ഷിച്ചിരുന്നു. പ്രതിപക്ഷത്തേക്കു കൂറുമാറിയ 12 എം പിമാരെ പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിരുന്നു. യുഎസ്, ഓസ്ട്രേലിയ, ഇന്ത്യ, ബ്രിട്ടന്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിധി സ്വാഗതംചെയ്യുകയുണ്ടായി. രാജ്യത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നഷീദിനെ അട്ടിമറിച്ചാണ് 2013ല്‍ യമീന് പ്രസിഡന്റായത്.