ന്യൂഡൽഹി: മാലിദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുളള യമീൻ അബ്ദുളള ഗയൂം പരാജയപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥിയും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ ഇബ്രാഹിം മുഹമ്മദ് സ്വലിഹ് ആണ് വമ്പൻ വിജയം നേടിയത്.

മാലിദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സ്വലിഹ്

സ്വാലിഹിന് 1,34,616 വോട്ട് ലഭിച്ചപ്പോൾ ഗയൂമിന് 96,132 വോട്ടാണ് ലഭിച്ചത്.  തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ഭീതിക്കിടെ തീർത്തും അപ്രതീക്ഷിതമായാണ് തങ്ങൾ ജയിച്ചിരിക്കുന്നതെന്ന് ഇബ്രാഹിം മുഹമ്മദ് സ്വലിഹ് പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്ന മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകർ

262135 പേർക്കാണ് മാലിദ്വീപിൽ വോട്ടവകാശം ഉളളത്. ഇവരിൽ 233877 പേർ വോട്ട് രേഖപ്പെടുത്തി. 472 പോളിങ് സ്റ്റേഷനുകളിൽ 89.22 ശതമാനമായിരുന്നു ആകെ പോളിങ്. അടുത്ത ഏഴ് ദിവസത്തിനുളളിൽ തിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്തുവിടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

2018 നവംബറിലാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കുക.

വിജയ പ്രഖ്യാപനത്തിന് പിന്നാലെ സ്വലിഹ് അനുയായികൾ അഹ്ലാദാരവങ്ങളുമായി തെരുവുകളിലിറങ്ങി. മാലിദ്വീപിന്റെ ദേശീയ പതാക അവരുയർത്തി. വലിയ ആഘോഷങ്ങൾക്കാണ് മാലിദ്വീപ് വേദിയായിരിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുകയും ജുഡീഷ്യറിയെ തന്റെ ഇംഗിതത്തിന് അനുസരിച്ച് നിയന്ത്രിക്കുകയും ചെയ്ത പ്രസിഡന്റ് യമീൻ  അബ്ദുൾ ഗയൂമിന്റെ ഇടപെടൽ രാജ്യത്തെ ജനാധിപത്യ രീതിയിലുളള തിരഞ്ഞെടുപ്പിനെ തകർക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

ഗയൂം പ്രചാരണത്തിന് ഇറങ്ങുകയോ, ഒരു പരസ്യ പ്രസ്താവനയെങ്കിലും നടത്തുകയോ ചെയ്തിരുന്നില്ല.  രാഷ്ട്രീയ എതിരാളികളെയെല്ലാം യമീൻ ജയിലിലടച്ചതോടെയാണ് സ്വലിഹ് പ്രസിഡന്റ് പദത്തിലേക്ക് മത്സരാർത്ഥിയായി വന്നത്. 56 കാരനായ സ്വലിഹ് മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവാണ്. ഇദ്ദേഹം നേരത്തെ പാർലമെന്റിൽ ഭൂരിപക്ഷ സഭയുടെ നേതാവായിരുന്നു.

മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി  നേതാവുമായ അബ്ദുൾ നഷീദ് ഇപ്പോഴും ശ്രീലങ്കയിലാണ് കഴിയുന്നത്.  ഇദ്ദേഹത്തിന് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുളളതിനാൽ തിരികെ നാട്ടിലേക്ക് പോകാനാവില്ല.

യമീന്റെ ഭരണത്തിന് കീഴിൽ മാലിയിൽ സാമ്പത്തിക വളർച്ചയും ആരോഗ്യ നിലവാരവും മെച്ചപ്പെട്ടെന്നാണ് ലോകബാങ്ക് വെളിപ്പെടുത്തുന്നത്. എന്നാൽ ജനാധിപത്യം പാടേ അട്ടിമറിക്കപ്പെട്ടതാണ് ജനവികാരം എതിരാക്കിയത്.

വീടുകൾ തോറും നടന്ന് കയറിയാണ് സ്വലിഹ് പ്രചാരണം നടത്തിയത്. രാജ്യത്ത് ജനാധിപത്യം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം ജനങ്ങളോട് നേരിട്ട് പറഞ്ഞു. ജനാധിപത്യത്തിലേക്ക് എത്തി ഒരു ദശാബ്ദം തികയും മുൻപ് മാലിദ്വീപ് വീണ്ടും ഏകാധിപത്യത്തിലേക്ക് പോകുന്നതാണ് ജനങ്ങളിൽ ഭീതി നിറച്ചത്.

ശനിയാഴ്ച വരെ ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് കോടതിയെ സമീപിക്കാനുളള സമയമാണിത്.  അതേസമയം മാലിദ്വീപിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ യമീൻ ശ്രമിച്ചേക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ