ന്യൂഡൽഹി: മാലിദ്വീപിലെ അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോണിൽ ചർച്ച ചെയ്തു. കടുത്ത മനുഷ്യാവകാശ ധ്വംസനവും ജനാധിപത്യ ധ്വംസനവും ആണ് മാലിദ്വീപിൽ നടക്കുന്നതെന്നാണ് ഇരുവരുടെയും നിലപാട്.

ഈ വിഷയത്തിൽ ചൈനയും ഇന്ത്യയും തമ്മിലും ചർച്ചകൾ നടന്നതായി പിടിഐക്ക് നൽകിയ വിശദീകരണത്തിൽ ചൈനീസ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തിൽ മറ്റൊരു വിളളലുണ്ടാകരുതെന്നതാണ് മാലിദ്വീപ് വിഷയം ഇന്ത്യയുമായി ചർച്ച ചെയ്യാൻ കാരണമെന്നാണ് ചൈനയുടെ വിശദീകരണം.

മാലിദ്വീപിന് ചൈനയുമായാണ് ബന്ധം. മാലിദ്വീപിലേക്ക് ചൈനയിൽ നിന്നുളള വിനോദസഞ്ചാരികളെ തൽക്കാലം അയക്കരുതെന്ന് മന്ത്രി മുഹമ്മദ് സയ്യിദ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇവിടുത്തെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്നലെ മാലിദ്വീപിൽ ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകനും ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകനും അറസ്റ്റിലായിരുന്നു. വാർത്ത ഏജൻസിയായ എഎഫ്‌‌പിയുടെ പ്രതിനിധികളായിരുന്നു ഇരുവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ