ന്യൂഡൽഹി: അടിയന്തിരാവസ്ഥ തുടരുന്ന മാലിദ്വീപിലേക്ക് ഇന്ത്യ സൈനിക സംഘത്തെ അയക്കണമെന്ന് മുൻ പ്രസിഡന്റ് നഷീദ്. സുപ്രീം കോടതി ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയ നിലവിലെ സർക്കാരിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാനാണ് സൈനിക സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

ഇതിന് പുറമേ മാലിദ്വീപിലുളള നേതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന എല്ലാ പണമിടപാടുകളും മരവിപ്പിക്കാൻ അമേരിക്കയോടും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മാലിദ്വീപിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതിയിലെ രണ്ട് ജസ്റ്റിസുമാരും അറസ്റ്റിലായിരുന്നു.

ഇപ്പോഴത്തെ കേന്ദ്രസർക്കാർ തടവിലാക്കിയ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തെ പരമോന്നത കോടതി സ്വാതന്ത്ര്യം അനുവദിച്ചതിന് പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൈക്കൂലി വാങ്ങിയെന്നുമുളള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് മൗമൂൻ
അബ്ദുൾ ഗയൂമിനെതിരെ ചുമത്തിയത്.

ഇദ്ദേഹത്തിന്റെ അഭിഭാഷകൻ മൗമൂൻ ഹമീദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 1978 മുതൽ 2008 വരെ മാലിദ്വീപിന്റെ ഭരണാധികാരിയായിരുന്നു ഗയൂം. രാജ്യം ബഹുസ്വര ജനാധിപത്യമായതോടെയാണ് ഇദ്ദേഹത്തിന് ഭരണം നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook