ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെങ്കിൽ മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്‌പ്പെടുത്തണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിൽ ഞെട്ടൽ. രാജ്യസഭാംഗമായ സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് മാലിദ്വീപിൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇന്ത്യൻ ഹൈക്കമ്മിഷണറായ അഖിലേഷ് മിശ്രയെ വിളിച്ചുവരുത്തി മാലിദ്വീപിലെ വിദേശ കാര്യ സെക്രട്ടറി അഹമ്മദ് സരീർ അതൃപ്തി അറിയിച്ചു.

സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം തങ്ങൾക്ക് ഞെട്ടലുണ്ടാക്കിയതായി മാലിദ്വീപ് ഇന്ത്യയെ അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അഖിലേഷ് മിശ്രയുമായി അഹമ്മദ് സരീർ കൂടിക്കാഴ്ച നടത്തിയത്. അഖിലേഷ് മിശ്രയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഏഴ് ഇതര രാഷ്ട്രങ്ങളിലെ അംബാസഡർമാരുമായി അഹമ്മദ് സരീർ ചർച്ച നടത്തി.

“തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിനെ ആക്രമിക്കണം,” എന്നാണ് സുബ്രഹ്മണ്യൻ സ്വാമി തന്റെ ട്വീറ്റിൽ കുറിച്ചത്. മാലിദ്വീപിലെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദുമായി കൊളംബോയിൽ സുബ്രഹ്മണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയത് മാലിദ്വീപിലെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഉൾപ്പടെയായിരുന്നു ട്വീറ്റ്.

ഇത് സംബന്ധിച്ച ചോദ്യത്തിന്, “സ്വാമിയുടെ അഭിപ്രായം തീർത്തും വ്യക്തിപരമാണ്. അത് ഇന്ത്യ ഗവൺമെന്റിന്റെ നിലപാടല്ല,” എന്നാണ് വിദേശകാര്യ സെക്രട്ടറി രവീഷ് കുമാർ മറുപടി പറഞ്ഞത്. ഇതേ നിലപാടാണ് അഖിലേഷ് മിശ്രയും മാലിദ്വീപിന്റെ വിദേശകാര്യ സെക്രട്ടറിയെയും അറിയിച്ചതെന്നാണ് വിവരം.

പാർലമെന്റിനും ജുഡീഷ്യറിക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുളള സാഹചര്യം ഒരുക്കാതെ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഇന്ത്യ നേരത്തേ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. പുതിയ ഭരണകൂടത്തിന്റെ “വിശ്വാസ്യയോഗ്യമായ പുനരുദ്ധാരണം,” ആണ് മാലിദ്വീപിൽ ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് ഇതേക്കുറിച്ചുളള വിശദീകരണത്തിൽ പറഞ്ഞത്. സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് ഇന്ത്യയുടെ നയപരിപാടിയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ പ്രകോപനപരമായ ഇടപെടലാണെന്നുമാണ് മാലിദ്വീപിൽ ഉയർന്നിരിക്കുന്ന വിമർശനം.

വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് സമീപകാലത്ത് വേദിയായ രാജ്യമാണ് മാലിദ്വീപ്. പുതിയ പ്രസിഡന്റായി അധികാരമേറ്റ അബ്ദുളള യമീൻ രാജ്യത്ത് 45 ദിവസം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മാലിദ്വീപിലെ പുതിയ ഭരണകൂടം ചൈനയോടാണ് കൂടുതൽ അനുഭാവം കാട്ടിയത്. ഇന്ത്യയുമായുളള ബന്ധത്തിൽ ഫെബ്രുവരിക്ക് ശേഷം വിളളലുകൾ വീണിരുന്നു.

“എന്തുകൊണ്ടാണ് എന്റെ ട്വീറ്റിൽ മാലിദ്വീപ് പ്രസിഡന്റ് യമീൻ ഇത്രയ്ക്ക് അസ്വസ്ഥനാകുന്നത്? മാലിദ്വീപിലുളള ഇന്ത്യാക്കാർ ഇപ്പോൾ തന്നെ ആക്രമിക്കപ്പെടുന്നുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ട്,” സുബ്രഹ്മണ്യൻ സ്വാമി ഞായറാഴ്ച കുറിച്ച ട്വീറ്റിൽ പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook