ക്വാലാലംപൂര്‍മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മഹാതിര്‍ മുഹമ്മദ് സ്ഥാനമേറ്റതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് യാത്രാ വിലക്ക്. ഇന്നലെയാണ് മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ഇതിനു പിന്നാലെയാണ് അഴിമതി ആരോപിതനായി നില്‍ക്കുന്ന നജീബിനെ രാജ്യം വിട്ടു പുറത്തു പോകുന്നതിനു യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ജക്കാര്‍ത്തയിലേയ്ക്ക് പോകാനായി തയ്യാറെടുത്ത നജീബ് റസാക്കിനുളള യാത്രാനുമതി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. നജീബിന്റെ പേരിലുള്ള എഴുനൂറു മില്യണ്‍ അഴിമതിക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണിത്.

‘മുന്‍ പ്രധാനമന്ത്രിയുടെ പേരില്‍ അന്വേഷണം ആരംഭിക്കാന്‍ ആവശ്യമായ തെളിവുകളെല്ലാം കൈയ്യിലുണ്ട്’, മഹാതിര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ലാണ് മുന്‍ പ്രധാനമന്ത്രി നജീബിന്റെ പേരില്‍ എഴുനൂറു മില്യന്റെ അഴിമതി ആരോപണം റിപ്പോര്‍ട്ട് ചെയ്തത്. 2009ല്‍ രാജ്യത്തിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ക്വലാലംപൂരിനെ സാമ്പത്തിക കേന്ദ്രമാക്കാനുമായിനജീബ് തന്നെയാണ് 1 മലേഷ്യന്‍ ഡവലപ്‌മെന്റ് പബ്ലിക് ലിമിറ്റഡ് കമ്പനി (1എംഡിബി) തുടങ്ങിയത്. എന്നാല്‍ ബാങ്കുകള്‍ക്കും അടവുകള്‍ തെറ്റുകയും ഏകദേശം എഴുനൂറു മില്യണ്‍ ഡോളര്‍ ഇതില്‍ നിന്നും നജീബിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി എന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തതിനുംപിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നജീബ് 4.5 ബില്യണ്‍ ഡോളര്‍ കൊള്ളയടിച്ച് യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ മാറ്റിയെടുത്തു എന്നുമുള്ള വാര്‍ത്തകളായിരുന്നു പുറത്തു വന്നത്. നജീബ് ഇത് നിരന്തരം നിഷേധിക്കുകയായിരുന്നു. നഷ്ടം താങ്ങാന്‍ വയ്യാതെ ഒടുവില്‍ 1 എംഡിബി ചൈനീസ് സ്ഥാപനത്തിന് വിറ്റു.

തന്നോടും കുടുംബത്തോടും രാജ്യം വിട്ടു പോകരുതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു എന്ന് മാത്രമാണ് യാത്രാവിലക്കിനെതിരെ മുന്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് കാരണം ഒന്നും പറഞ്ഞില്ലെങ്കിലും അത് അനുസരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ബാരിസണ്‍ നാസണല്‍ സഖ്യത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും, യുണൈറ്റഡ് മലേയ് ദേശീയ സംഘടന പ്രസിഡന്റ് സ്ഥാനവും രാജി വച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഈ ശനിയാഴ്ച നജീബും ഭാര്യയും അവധി ആഘോഷിക്കാന്‍ പുറത്തു പോകുന്നു എന്ന് പറഞ്ഞതിന് പിന്നാലെയാണ് രാജ്യം വിട്ടു പോകുന്നതിനു വിലക്കേര്‍പ്പെടുത്തിയത്. ഇതുവരെ ഇതിന്റെ പേരില്‍ യാതൊരു വിധ അന്വേഷണങ്ങളും നടക്കാന്‍ നജീബ് സമ്മതിക്കാതിരുന്നതിനാലാണ് ഇന്നലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പുറകെ തന്നെ തുടരന്വേഷണങ്ങള്‍ക്ക് തീരുമാനിച്ചത്. സ്ഥാനമേറ്റ് രണ്ടാം ദിവസം തന്നെ പുതിയ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരെയും പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook