മലേഷ്യയിലെ മുസ്‌ലിം അല്ലാത്ത ആദ്യത്തെ അറ്റോണി ജനറലിനെ നിയമിക്കാനുളള ചരിത്രപരമായ തീരുമാനമാണ്  പുതുതായി ചുമതലയേറ്റ സർക്കാർ സ്വീകരിച്ചത്. ഇന്ത്യൻ വംശജനായ ടോമി തോമസാണ് മലേഷ്യയിലെ ഉന്നത പദവിയിലെത്തിയ വ്യക്തി. 1963ൽ മലേഷ്യ എന്ന രാജ്യം ഇന്നത്തെ നിലയിൽ രൂപീകരിക്കപ്പെട്ട ശേഷം 55 വർഷത്തിനുളളിൽ ഇതുവരെ ഇങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല.
രണ്ടാഴ്ച മുമ്പ് അധികാരമേറ്റെടുത്ത പുതിയ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് അപാൻഡി യാണ് ചരിത്രപരമായ ഈ തീരുമാനം എടുത്തത്. മലേഷ്യ എന്നത് ഒമ്പത് സുൽത്താനേറ്റുകളുടെ ഭരണാധികാരികളുടെ കൗൺസിലാണ് ഉൾപ്പെടുന്നത്.

ഈ നിയമനത്തിലൂടെ മലയാസിന്റെയും ഭൂമിപുത്രരുടെയും (മണ്ണിന്റെ മക്കൾ) പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ഇസ്‌ലാം എന്നത് ഈ ഫെഡറേഷന്റെ മതമായിരിക്കുമെന്നും കൊട്ടാരത്തിൽ നിന്നുളള അറിയിപ്പിൽ വ്യക്തമാക്കി.

ഇന്ത്യൻ വംശജനായ ടോമി തോമസിന് നാൽപത് വർഷത്തിലേറെ അനുഭവ സമ്പത്താണ് നിയമ രംഗത്തുളളത്. മലേഷ്യയിലെ അഭിഭാഷകർക്ക് ഇടയിൽ ഏറെ ബഹുമാന്യനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒരു ദശകത്തിലേറെയായി ബാർ കൗൺസിൽ അംഗമാണ്. മലേഷ്യൻ വിമാനമായ എം എച്ച് 370 ന്റെ അപ്രത്യക്ഷമായ സംഭവത്തെ കുറിച്ചുളള അന്വേണവുമായി  ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ടോമി തോമസ് നടത്തിയ 150 കേസുകൾ നിയമരംഗത്ത് വിധികളുടെ പ്രസക്തിയുടെ പശ്ചാത്തലത്തിൽ​ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. ഗ്രന്ഥകർത്താവുമാണ് മലേയഷ്യയുടെ പുതിയ അറ്റോണി ജനറൽ.

ടോമി തോമസിന്റെ നിയമനം മലേഷ്യയിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. തദ്ദേശീയരും ഭൂരിപക്ഷവുമായ മലയാ സമുദായം പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ അറുപത് ശതമാനത്തിലേറെ ജനസംഖ്യ മലയാ വിഭാഗമാണ്. ഇവരുടെ പ്രതിഷേധം രാജ്യത്ത് വംശീയ അസ്വസ്ഥ സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

മലേഷ്യയിലെ വിവാദമായ 1 മലേഷ്യ ഡെവലപ്മെന്റ് പബ്ലിക് ലിമിറ്റഡുമായി ബന്ധപ്പെട്ട കുംഭകോണത്തിന്റ പ്രോസിക്യൂഷൻ ചുമതല ടോമി തോമസിനായിരിക്കും. ഈ കേസിൽ മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാക്ക് പ്രതിസ്ഥാനത്താണ്. ലക്ഷക്കണക്കിന് ഡോളറിന്റെ അഴിമതി ആരോപണം ഉയർന്നിരുന്നു. എന്നാൽ മുൻ അറ്റോണി ജനറൽ നജീബ് റസാഖിനെ ഈ ആരോപണങ്ങളിൽ നിന്നും ഒഴിവാക്കിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം ഈ​ കേസ് പുനഃപരിശോധിക്കാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് മഹാതീർ പറഞ്ഞിരുന്നു. മാത്രമല്ല, നജീബ് റസാക്കിനും ഭാര്യയ്ക്കും യാത്രവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook