മെൽബൺ: യാത്രക്കാരൻ കോക്‌പിറ്റിൽ കയറി ബോംബ് സ്ഫോടന ഭീഷണി ഉയർത്തിയതിനെ തുടർന്ന് മലേഷ്യൻ ജെറ്റ് വിമാനം മെൽബൺ വിമാനത്താവളത്തിൽ തിരിച്ചിറക്കി. പറന്നുയർന്ന് 30 മിനിറ്റുകൾക്ക് ശേഷമാണ് നാടകീയ സംഭവങ്ങളെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.

ഭീഷണി ഉയർത്തിയ യാത്രരക്കാരന്റെ മാനസിക നിലയിൽ പ്രശ്നങ്ങളുള്ളതായാണ് വിവരം. ഓസ്ട്രേലിയക്കാരൻ എന്ന് തോന്നിക്കുന്ന 25 കാരനെ യാത്രക്കാർ പിന്നീട് സീറ്റിൽ പിടിച്ചുകെട്ടി. മെൽബണിൽ നിന്ന് ക്വാലാലംപൂരിലേക്ക് പറന്ന എംഎച്ച് 118 വിമാനമാണ് അടിയന്തിര സാഹചര്യത്തിൽ തിരിച്ചിക്കിയത്.

വിമാനം തിരിച്ചിറക്കിയ ഉടൻ തന്നെ വിമാനത്താവള പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. “സംയമനത്തോടെ പെരുമാറി, വിമാനം സുരക്ഷിതമായി താഴെയിറക്കിയ വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വീരകൃത്യത്തെ അഭിനന്ദിക്കുന്നതാ”യി പൊലീസ് പിന്നീട് വ്യക്തമാക്കി.

സംഭവത്തിന് പിന്നിൽ തീവ്രവാദി ബന്ധമില്ലെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്റെ കയ്യിൽ ബോോംബുണ്ട്, ഞാനീ വിമാനം തകർക്കും എന്നാണ് പ്രതി കോക്ഫിറ്റിൽ കയറി അലറി വിളിച്ചത്. യാത്രക്കാർ ഉടൻ തന്നെ ഇയാളെ സീറ്റിൽ പിടിച്ചുകെട്ടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ