scorecardresearch

Malayalm Top News Highlights: തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്

കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്

author-image
Amal Joy
New Update
kerala

പ്രതീകാത്മക ചിത്രം

Malayalm Top News Highlights: തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍രാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് അരുണ്‍രാജ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Advertisment

  • 21:37 (IST) 07 Jun 2023
    ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

    ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.


  • 20:49 (IST) 07 Jun 2023
    ലക്നൗവില്‍ ഗുണ്ടാനേതാവിനെ വെടിവച്ച് കൊന്നു; മരിച്ചത് ബിജെപി നേതാക്കളെ വധിച്ച കേസിലെ പ്രതി

    ജയിലില്‍ അടയ്ക്കപ്പെട്ട ക്രിമിനലായ സഞ്ജീവ് മഹേശ്വരിയെ ലക്നൗ കോടതി വളപ്പില്‍ വച്ച് വെടിവച്ച് കൊന്നു. ഗുണ്ടാനേതാവായ മുഖ്തര്‍ അന്‍സാരിയുടെ സഹായിയാണ് സഞ്ജീവ് മഹേശ്വരി. അഭിഭാഷക വേഷത്തിലെത്തിയയാളാണ് കൊലയാളി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

    https://malayalam.indianexpress.com/news/gangster-sanjeev-maheshwari-shot-dead-in-the-premises-of-lucknow-court-845385/


  • 19:06 (IST) 07 Jun 2023
    ‘ബ്രിജ് ഭൂഷണെതിരായ അന്വേഷണം ജൂണ്‍ 15-നുള്ളില്‍ പൂര്‍ത്തിയാക്കും’; ഗസ്തി താരങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്തി

    ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ദേശിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

    https://malayalam.indianexpress.com/sports/wrestlers-agree-to-halt-protests-until-june-15-decision-comes-after-meeting-with-anurag-thakur-845335/


  • 18:26 (IST) 07 Jun 2023
    പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

    എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.

    പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 9497900200 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ജൂണ്‍ 25ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

    വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ നിരവധി കുട്ടികള്‍ പോലീസിന്‍റെ ഈ പദ്ധതിയിലൂടെ പഠിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ വിജയിച്ചിട്ടുണ്ട്.


  • 17:20 (IST) 07 Jun 2023
    അമേരിക്കയുടെ കൈവശം അന്യഗ്രഹ പേടകം? അവകാശവാദവുമായി മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫിസര്‍

    അമേരിക്കയുടെ കൈവശം ഏലിയന്‍ ക്രാഫ്റ്റ് ഉണ്ടെന്ന അവകാശവാദവുമായി മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍. യു എസ് കോണ്‍ഗ്രസിനും മറ്റ് അധികൃതര്‍ക്കും ഇദ്ദേഹം വിവരങ്ങള്‍ കൈമാറിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

    ഡേവിഡ് ചാള്‍സ് ഗ്രഷ് എന്നാണ് മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ പേര്. യുഎസ് നാഷണല്‍ ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സിയിലും (എന്‍ജിഎ) അമേരിക്കയുടെ ദേശിയ രഹസ്യാന്വേഷണ വിഭാഗത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ടെന്നാണ് ദി ഡെബ്രീഫ് റെപ്പോര്‍ട്ട് ചെയ്യുന്നത്.

    https://malayalam.indianexpress.com/tech/former-american-intelligence-officer-claims-country-possesses-alien-craft-845159/


  • 16:15 (IST) 07 Jun 2023
    WTC Final: ഒഡീഷ ട്രെയിന്‍ ദുരന്തം: കറുത്ത ആം ബാന്‍ഡ് ധരിച്ച് താരങ്ങള്‍; ഫൈനലിന് വൈകാരിക തുടക്കം

    ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരെ അനുസ്മരിച്ച് താരങ്ങളും അമ്പയര്‍മാരും. കറുത്ത ആം ഗ്വാര്‍ഡ് ധരിച്ചാണ് ഇന്ത്യ, ഓസ്ട്രേലിയ ടീമുകളുടെ താരങ്ങളും മത്സരത്തിലെ അമ്പയര്‍മാരും കളത്തിലെത്തിയത്.

    മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ ഒരു മിനുറ്റ് മൗനം പാലിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒഡീഷയിലെ ബലാസോറില്‍ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ 275 പേരാണ് മരണപ്പെട്ടത്ത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


  • 15:38 (IST) 07 Jun 2023
    എൻജിനീയറിങ് കോളജ്‌ വിദ്യാർഥിനിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

    കാഞ്ഞിരപ്പള്ളി അമൽജ്യോതി എനജിനീയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എസ്‌പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പിയുടെ സംഭവുമായി ബന്ധപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ വിദ്യാർഥികൾക്കു​നേരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

    വിദ്യാർത്ഥികൾ പരാതി നൽകിയ എച്ച്ഒഡിക്കെതിരെ നിലവിൽ നടപടി ഉണ്ടാകില്ല. അന്വേഷണത്തിൽ എന്തെങ്കിലും തെളിഞ്ഞാൽ അപ്പോൾ നടപടിയെക്കുറിച്ച് തീരുമാനിക്കും. ഹോസ്റ്റൽ വാർഡനെ മാറ്റുന്ന കാര്യം മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. സഭാനേതൃത്വവുമായി സംസാരിച്ചശേഷം മാനേജ്മെന്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.


  • 13:57 (IST) 07 Jun 2023
    ‘പ്രേരണ’: നരേന്ദ്ര മോദി പഠിച്ച സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് ഒരാഴ്ചത്തെ പഠന യാത്ര

    അടുത്ത വര്‍ഷം ഇന്ത്യയിലെ ഓരോ ജില്ലയില്‍ നിന്നും രണ്ട് കുട്ടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗറിലെ പ്രൈമറി സ്‌കൂളിലേക്ക് ഒരാഴ്ചത്തെ പഠന യാത്രയുടെ ഭാഗമായി കൊണ്ടുപോകും. ‘പ്രേരണ: ദി വെര്‍ണാക്കുലര്‍ സ്‌കൂള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സ്‌കൂളിനെ ‘പ്രചോദന’ സ്‌കൂളായി മാറ്റുമെന്ന് ചൊവാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭത്തില്‍ കുട്ടികള്‍ക്ക് ‘വികസിത ജീവിതം എങ്ങനെ ജീവിക്കാം’ എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ 2018 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍, വഡ്നഗറിലെ മെഗാ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. Readmore


  • 12:44 (IST) 07 Jun 2023
    മഹാരാജാസിന്റെ പേരില്‍ വ്യാജരേഖ; വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം, ആഭ്യന്തര അന്വേഷണം വേണ്ടെന്ന് പ്രിന്‍സിപ്പല്‍

    മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കോളേജ് ഗസ്റ്റ് ലക്ചററാവാന്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് വ്യാജരേഖ നല്‍കിയെന്നാണ് കേസ്.
    മഹാരാജാസിലും സംസ്‌കൃത സര്‍വകലാശാലയിലും എസ്.എഫ്.ഐ. നേതാവായിരുന്നു വിദ്യ. യൂണിയന്‍ ഭരണസമിതിയിലും അംഗമായിരുന്നു. എസ്.എഫ്.ഐ. ബന്ധം ഉപയോഗിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് ആരോപണം. Readmore


  • 12:02 (IST) 07 Jun 2023
    ‘പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താന്‍’; വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ആര്‍ഷോ

    എഴുതാത്ത പരീക്ഷ ജയിച്ചെന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ആരോപണം നിഷ്‌കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആര്‍ഷോ ഫെയ്സ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണ്. പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്‍ഷോ കുറിപ്പില്‍ അവകാശപ്പെട്ടു. Readmore


  • 11:14 (IST) 07 Jun 2023
    പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു

    മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്.

    ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.


  • 10:25 (IST) 07 Jun 2023
    തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

    തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍രാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് അരുണ്‍രാജ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


Dead Student Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: