കുനൂര്‍: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. അസിസ്റ്റന്റ് വാറന്റ് ഓഫിസര്‍ എ. പ്രദീപാണ് (37) മരിച്ച മലയാളി സൈനികന്‍. തൃശൂര്‍ പുത്തൂർ- പൊന്നൂക്കര സ്വദേശിയാണ്.
വിഐപി ഹെലികോപ്റ്ററില്‍ ഡിഫെന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലേക്ക് പോകുന്ന കാര്യം പ്രദീപ് അമ്മയെ വിളിച്ച പറഞ്ഞിരുന്നതായി പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നാല് ദിവസം മുന്‍പ് പ്രദിപ് നാട്ടിലുണ്ടായിരുന്നതായും മിനി കൂട്ടിച്ചേര്‍ത്തു.
2002 ലാണ് പ്രദീപ് എയര്‍ ഫോഴ്സില്‍ ചേര്‍ന്നത്. ഭാര്യ ശ്രീലക്ഷ്മിക്കും രണ്ട് കുട്ടികൾക്കുമൊപ്പം സുലൂരിലെ ഐഎഎഫിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് പ്രദീപ് താമസിച്ചിരുന്നത്. 2018 ലെ മാഹപ്രളയത്തില്‍ എയര്‍ ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രദീപും ഭാഗമായിരുന്നു. നിരവധി പേരെ രക്ഷപെടുത്തുന്നതില്‍ സഹായിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ പ്രദീപിനെ ആദരിച്ചിരുന്നു.
ഊട്ടി കൂനൂരിനു സമീപത്ത് വച്ചാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്. ഗുരുതര പരിക്കുകള്‍ പറ്റിയ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണ്ണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ തകർന്നു വീണത് ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിനു സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഊട്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. അപകടം സംബന്ധിച്ച് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കുവച്ചു. സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രി നാളെ പാർലമെന്റിൽ പ്രസ്താവന നടത്തും.
Also Read: ജനറൽ ബിപിന്‍ റാവത്ത്: തന്റെ കാലത്തെ ഏറ്റവും പ്രശസ്ത സൈനികരിലൊരാള്‍