മയാമി: അമേരിക്കയിൽ മലയാളി നഴ്‌സ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം പിറവം മരങ്ങാട്ടില്‍ സ്വദേശിനി മെറിൻ ജോയ് (26) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവിനെ (34 )യാണു സൗത്ത് ഫ്ളോറിഡയിലെ കോറൽ സ്‌പ്രിങ്‌സ് പൊലീസ് പിടികൂടിയത്.
കാറിലെത്തിയ ഫിലിപ്പ് മെറിനെ കുത്തിവീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റതായാണ് റിപ്പോർട്ട്. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
മെറിൻ ജോലിചെയ്തിരുന്ന ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ് ലോട്ടിൽ ഇന്നലെ വൈകിട്ട് ഏഴോടെയാണു സംഭവം. ജോലി കഴിഞ്ഞ് ആശുപത്രിയിൽനിന്നു മിയാമിയിലെ താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു മെറിൻ. ഫിലിപ്പ് മിഷഗണിലാണു താമസിക്കുന്നത്.
BREAKING NEWS: Police are searching for the person responsible for stabbing a woman Tuesday morning in the parking lot of Broward Health Coral Springs. https://t.co/tLbsrwD7xf
— WPLG Local 10 News (@WPLGLocal10) July 28, 2020
Read More: ‘എനിക്കൊരു കുഞ്ഞുണ്ട്’; സഹപ്രവർത്തകർക്ക് തീരാവേദനയായി മെറിൻ
കൊലപാതകത്തിനുശേഷം ഫിലിപ്പ് ഉടൻ കാറോടിച്ച് കടന്നുകളഞ്ഞു. പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ ഹോട്ടൽ മുറിയിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ദാരുണസംഭവമറിഞ്ഞ് മെറിന്റെ സഹപ്രവർത്തകർ പാർക്കിങ് ലോട്ടിലേക്ക് ഓടിയെത്തി. തനിക്കൊരു കുഞ്ഞുണ്ടെന്നു മാത്രമാണു മെറിൻ അവസാനമായി തങ്ങളോട് പറഞ്ഞതെന്ന് സഹപ്രവർത്തകരിലൊരാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍വച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായിരുന്നു. മെറിനെ കൂട്ടാതെ ഫിലിപ്പ് അമേരിക്കയിലേക്കു പോയി. പിന്നീട്, രണ്ട് വയസുള്ള മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച്മെറിൻ തനിച്ച് യുഎസിലേക്ക് പോകുകയായിരുന്നു.
2016 ലായിരുന്നു മെറിൻ-ഫിലിപ്പ് ദമ്പതികളുടെ വിവാഹം. 2017 ലാണു നഴ്‌സിങ് ജോലിയ്‌ക്കായി മെറിൻ ആദ്യമായി യുഎസിലെത്തിയത്. രണ്ട് വർഷത്തിലേറെയായി ബ്രൊവാര്‍ഡ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു മെറിൻ. ഇവിടുത്തെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് അന്ത്യം.
”ബ്രൊവാര്‍ഡ് ആശുപത്രി അധികൃതർ അനുശോചനം രേഖപ്പെടുത്തി. മെറിൻ നഷ്ടപ്പെട്ടത് ഹൃദയഭേകമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു അവൾ. ഞങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുവാൻ വാക്കുകളില്ല, ” ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് സിഇഒ ജേർഡ് സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.