മെൽബൺ: ഓസ്ട്രേലിയയിലെ ടാസ്‌മാനിയയിൽ മലയാളിയായ ടാക്സി ഡ്രൈവർക്കുനേരെ വംശീയ ആക്രമണം. കോട്ടയം പുതുപ്പളളി സ്വദേശിയായ ലീ മാക്സിനുനേരെയാണ് ആക്രമണമുണ്ടായത്. ഹൊബാർട്ടിലെ ഒരു റസ്റ്ററന്റിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.
ലീ മാക്സിനു മുന്നിൽവച്ച് ഒരു സംഘം യുവാക്കളും റസ്റ്ററന്റ് ജീവനക്കാരിയുമായി തർക്കമുണ്ടായി. ഇതിനുശേഷമായിരുന്നു ആക്രമണം. ഇന്ത്യക്കാരനായ ആൾ എന്തിനു ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെടുന്നു എന്നു ചോദിച്ചായിരുന്നു ആക്രണം. കൈയ്യിൽ അണിഞ്ഞിരുന്ന ലോഹവള ഉപയോഗിച്ച് തന്റെ മുഖത്ത് ഇടിക്കുകയായിരുന്നുവെന്നു ലീ മാക്സ് നൽകിയ പരാതിയിൽ പറയുന്നു.
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കുനേരെയുളള വംശീയ ആക്രമണങ്ങൾ തുടരുകയാണ്. അടുത്തിടെ മെൽബണിൽ മലയാളിയായ വൈദികനുനേർക്കും ആക്രമണമുണ്ടായിരുന്നു. കുർബാനയ്ക്കിടെ അക്രമി വൈദികനെ കുത്തുകയായിരുന്നു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വടക്കൻ മെൽബണിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയിൽ പ്രാർഥനയ്ക്കായി വിശ്വാസികൾ സമ്മേളിച്ചിരിക്കെയാണ് ആക്രമണം. ഞായറാഴ്ച രാവിലെ പള്ളിയിൽ ഇറ്റാലിയൻ ഭാഷയിലുള്ള കുർബാനയ്ക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെ വൈദികന്റെ സമീപമെത്തിയ അക്രമി ‘നിങ്ങൾ ഇന്ത്യക്കാരനായതിനാൽ കുർബാനയർപ്പിക്കാൻ കഴിയില്ലെന്നും നിങ്ങൾ ഹിന്ദുവോ മുസ്‌ലിമോ ആയിരിക്കും’ എന്നു പറയുകയും കത്തിയെടുത്ത് വൈദികന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു.