/indian-express-malayalam/media/media_files/uploads/2023/08/Lakshadweep-MP-Mohammad-Faizal.jpg)
വധശ്രമക്കേസ്: ലക്ഷദ്വീപ് എംപിക്കെതിരായ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി|ഫൊട്ടോ; മുഹമ്മദ് ഫൈസല്‍ ഫേസ്ബുക്ക്
Malayalam Top News Highlights: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതി ഉത്തരവ് സസ്‌പെന്‍ഡ് ചെയ്യണമെന്ന എം.പി.യുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി. മുന്‍കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. വധശ്രമക്കേസില്‍ 2023 ജനുവരി 11ന് കവരത്തി സെഷന്‍സ് കോടതി മുഹമ്മദ് ഫൈസലിനും മറ്റ് മൂന്നുപേര്‍ക്കും 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു.
പ്രളയജലം ആദ്യം ഒഴുകിയെത്തിയത് ബർദാങ്ങിലെ സൈനിക ക്യാമ്പുകളിലേക്ക്
നോർത്ത് സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നൽ പ്രളയം തകർത്തത് ലൊനാക് തടാകക്കരയിൽ സ്ഥിതി ചെയ്തിരുന്ന സൈനിക ക്യാമ്പുകളെയെന്ന് റിപ്പോർട്ട്. ബർദാങ്ങിലുണ്ടായിരുന്ന സൈനിക കേന്ദ്രവും സൈനികരുമാണ് അപകടത്തിൽപ്പെട്ടത്. 23 സൈനികരും ഏതാനും സൈനിക വാഹനങ്ങളും ഒഴുകിപ്പോയിരിക്കാമെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് മിന്നൽ പ്രളയം ഉണ്ടായതെന്നാണ് സംശയിക്കുന്നതെന്ന് പ്രതിരോധ സേനാ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇത് രക്ഷാദൌത്യത്തെ ദുഷ്കരമാക്കിയെന്നാണ് കരുതുന്നത്. ഈ സമയത്ത് ചങ്താങ് ഡാമിലെ വെള്ളം തുറന്നുവിട്ടതും ബർദാങ്ങിൽ ജലനിരപ്പ് 15-20 അടിയോളം ഉയരാൻ കാരണമായെന്നും സൈന്യം അറിയിച്ചു.
National Highway 10 washed away at Melli#Teesta#Sikkim#DamBurstpic.twitter.com/WoYHinlVLS
— The Darjeeling Chronicle (@TheDarjChron) October 4, 2023
അതേസമയം, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അപകട സ്ഥലങ്ങൾ സന്ദർശിച്ച് രക്ഷാദൌത്യങ്ങൾക്ക് നേതൃത്വം നൽകി. ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പ്രാദേശിക സമൂഹവുമായി ഇടപഴകുന്നതിനും മുഖ്യമന്ത്രി സിങ്തം മേഖല സന്ദർശിച്ചു. "ഈ നിർണായക സമയത്ത് നമ്മുടെ എല്ലാ പൗരന്മാരോടും ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. നാം സംയമനം പാലിക്കേണ്ടതും നമ്മുടെ പ്രദേശത്ത് സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കേണ്ടതും അത്യാവശ്യമാണ്," പ്രേം സിങ് തമാങ് ട്വീറ്റ് ചെയ്തു.
- 19:45 (IST) 04 Oct 2023അരവിന്ദാക്ഷനേയും ജിന്‍സിനേയും അടിയന്തരമായി ജയില്‍ മാറ്റാന്‍ ഉത്തരവ്
കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷനേയും ജിന്‍സിനേയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാന്‍ ഉത്തരവ്.
- 19:01 (IST) 04 Oct 2023ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും സ്വര്‍ണ തിളക്കം
ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ടമെഡല്‍ നേട്ടം. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍ കുമാര്‍ ജന രണ്ടാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്‌സ് യോഗ്യതയും ജന നേടി.
- 18:14 (IST) 04 Oct 2023ഡല്‍ഹി മദ്യനയ കേസ്: ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് അറസ്റ്റില്‍
ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങി സഞ്ജയ് സിങ്ങിനെ ഇ ഡി അറസ്റ്റ് ചെയ്തു. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എംപിയുടെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് അറസ്റ്റ്. നേരത്തെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് 9നാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. Readmore
- 17:00 (IST) 04 Oct 2023മുഹമ്മദ് അനസിനും ആർ അനുവിനും പാരിതോഷികം
ജക്കാർത്തയിൽ 2018 ൽ നടന്ന ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം വെള്ളിയിൽ നിന്ന് സ്വർണമായ മുഹമ്മദ് അനസിന് അധികമായി 5 ലക്ഷം രൂപയും വെങ്കല മെഡൽ നേട്ടത്തിലേക്ക് കടന്നുവന്ന ആർ അനുവിന് 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ പാരിതോഷികം അനുവദിച്ചു. രണ്ടുപേരും മത്സരിച്ച ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങൾ ഉത്തേജക പരിശോധനയിൽ അയോഗ്യരായതോടെയാണ് ഇവർ തൊട്ടടുത്ത മെഡൽ സ്ഥാനത്തേക്ക് ഉയർന്നത്.
2018 ഏഷ്യൻ ഗെയിംസിൽ 4‐400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു അനസ്. ഗെയിംസിൽ വെള്ളി നേടിയ മലയാളി താരങ്ങൾക്ക് 15 ലക്ഷം രൂപയാണ് സർക്കാർ അന്ന് പാരിതോഷികം നൽകിയത്. റിലേയിൽ സ്വർണം നേടിയ ബഹ്‌റൈൻ ടീമംഗം ഉത്തോജക ഉപയോഗിച്ചതായി തെളിഞ്ഞു. അതോടെ ബഹ്‌റൈൻ ടീം അയോഗ്യരാവുകയും അനസ് അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ നേട്ടം സ്വർണമാവുകയും ചെയ്‌തു. സ്വർണ ജേതാക്കൾക്ക് 20 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സ്വർണ ജേതാവിനുള്ള അധികതുകയാണ് ഇപ്പോൾ അനുവദിച്ചത്. 400 മീറ്റർ ഹർഡിൽസിൽ നാലാമതായാണ് അനു ഫിനിഷ് ചെയ്‌തത്. ഈയിനത്തിൽ സ്വർണം നേടിയ ബഹ്‌റൈൻ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അർഹയാവുകയായിരുന്നു. വെങ്കല ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് അനുവിന് നൽകുന്നത്.
- 15:53 (IST) 04 Oct 2023മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 5 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സൈനിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥർ അടക്കം 30ഓളം പേരെ കാണാതായിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് മിന്നൽ പ്രളയം ഉണ്ടായത്. നോർത്ത് സിക്കിമിലെ ലൊനാക് തടാകക്കരയിലുള്ള ബർദാങ്ങിൽ സ്ഥിതി ചെയ്തിരുന്ന സൈനിക കേന്ദ്രമാണ് പ്രധാനമായും അപകടത്തിൽപ്പെട്ടത്. 23 സൈനികരും നിർത്തിയിട്ട സൈനിക വാഹനങ്ങളും ഒഴുകിപ്പോയി.
- 15:08 (IST) 04 Oct 2023സഞ്ജയ് സിങ്ങിന്റെ വസതിയിലെ ഇ ഡി റെയ്ഡ്: തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടെന്ന് കേജ്രിവാള്‍
ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ വസതിയിലെ ഇ ഡി റെയ്ഡില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ ആശയറ്റശ്രമമാണ് റെയ്‌ഡെന്ന് കേജ്രിവാള്‍ പറഞ്ഞു. Readmore
- 13:32 (IST) 04 Oct 2023സിക്കിമിൽ മിന്നൽ പ്രളയത്തിൽ മൂന്ന് മരണം; 23 സൈനികരേയും 6 നാട്ടുകാരേയും കാണാതായി
നോർത്ത് സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 3 മരണം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കിടെ സിങ്തമിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചതെന്ന് സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മേധാവിയാണ് സ്ഥിരീകരിച്ചത്. പ്രകൃതി ദുരന്തത്തിന് പിന്നാലെ സിക്കിമിൽ നാല് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. മിന്നൽ പ്രളയം മാങ്കൻ, ഗാങ്ഗോക്ക്, പാക്കിയോങ്, നാംച്ചി ജില്ലകളെയാണ് ഗുരുതരമായി ബാധിച്ചത്.
മാങ്കൻ ജില്ലയിലാണ് കൂടുതൽ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൂങ്ങ്, ഫിദാങ് പാലങ്ങൾ മിന്നൽ പ്രളയത്തിൽ തകർന്നിട്ടുണ്ട്. ഫിദാങ്ങിൽ നാല് വീടുകളും ഒലിച്ചുപോയി. നദിക്കരയിലെ വീടുകളും അപകട ഭീഷണിയിലാണ്. ദിക്ചുവിലും രണ്ട് വീടുകൾ ഒഴുകിപ്പോയി.
- 13:12 (IST) 04 Oct 2023കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ പ്രത്യക്ഷപ്പെടാം. തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
- 13:05 (IST) 04 Oct 2023കനത്ത മഴയിൽ വിറങ്ങലിച്ച് തിരുവനന്തപുരം; തമ്പാനൂർ വെള്ളത്തിൽ മുങ്ങി
തലസ്ഥാന നഗരമായ തിരുവനന്തപുരം തുടർച്ചയായ കനത്ത മഴയിൽ സ്തംഭിച്ചു. ഓടകളിൽ വെള്ളം നിറഞ്ഞതോടെ വർഷങ്ങൾക്ക് ശേഷം തമ്പാനൂർ വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ട്. സമീപത്തെ എസ്എസ് കോവിൽ റോഡിന്റെ മധ്യഭാഗത്ത് വൻ കുഴി രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. തമ്പാനൂർ മസ്ജിദ് റോഡിലും മുട്ട് വരെ ഉയരത്തിൽ വെള്ളം പൊങ്ങി. തിരുമല കുന്നപ്പുഴ ജംക്​ഷന് സമീപം അയണിവിള– കുരുമണി റോഡ് ഇടിഞ്ഞു താണു. മുട്ടത്തറ തരംഗിണി നഗറിലും പേരൂർക്കടയിലും മഴയിൽ വീടുകൾ തകർന്നു.
വലിയതുറ ഉൾപ്പെടെ തീരദേശ റോഡുകൾ മിക്കതും വെള്ളത്തിലാണ്. കിള്ളിപ്പാലം കല്യാണി ആശുപത്രി റോഡിലും, അട്ടക്കുളങ്ങര ബൈപാസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിൽ മണ്ണ് ഇടിഞ്ഞും മരങ്ങൾ കടപുഴകിയും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മിനിയാന്ന് രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ പകൽ കൂടുതൽ ശക്തിയായി പെയ്തതോടെയാണ് നഗരം വെള്ളത്തിൽ മുങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.