/indian-express-malayalam/media/media_files/uploads/2023/04/Arvind-Kejriwal-3.jpg)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
Malayalam Top News Highlights: ഡൽഹി: വിവാദമായ ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഇ ഡി നോട്ടീസ് അയച്ചു. നവംബർ രണ്ടിന് ഇ ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് അരവിന്ദ് കെജ്രിവാൾ. കേസിൽ മനീഷ് സിസോദിയ ഉൾപ്പെടെ വിചാരണ നേരിടുകയാണ്.
കളമശ്ശേരിയിൽ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശ്ശേരിയിൽ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. കളമശ്ശേരിയിലെ സമ്ര കൺവെൻഷൻ സെന്ററിൽ ഒരു മണിയോടെയാണ് മുഖ്യമന്ത്രിയെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരേയും മുഖ്യമന്ത്രി നേരിൽക്കണ്ടു. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനുമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്.
രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വകക്ഷി യോഗം ചേർന്നിരുന്നു. പ്രതിപക്ഷ കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടര്‍ത്തലിലും പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് സര്‍വകക്ഷി യോഗം തീരുമാനമെടുത്തു. ഇതുസംബന്ധിച്ച പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കി.
/indian-express-malayalam/media/media_files/uploads/2023/10/7-11.jpg)
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.
എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് ഈ യോഗം വ്യക്തമാക്കുന്നു.
പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും എന്ന് ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം.
എല്ലാ ജാതി-മത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിൽക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.
ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടർത്താൻ പ്രതിബദ്ധമായ ശ്രമങ്ങൾക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിക്കുന്നു.
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനങ്ങളോടാകെ അഭ്യർത്ഥിക്കുന്നു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യർത്ഥിക്കുന്നു. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം.
സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.
- 18:49 (IST) 30 Oct 2023കളമശ്ശേരി സ്ഫോടനം: ഹിന്ദുത്വ സംഘടനകളിൽ നിന്നുണ്ടായത് ഇസ്ലാമോഫോബിയ
കളമശ്ശേരി സ്ഫോടനത്തെ അപലപിച്ച് സിപിഎം. സാമുദായിക ഐക്യം കാത്ത് സൂക്ഷിക്കാൻ കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്ഫോടനത്തിന് ശേഷം ഹിന്ദുത്വ സംഘടനകളിൽ നിന്നുണ്ടായത് ഇസ്ലാമോഫോബിയ ആയിരുന്നു. സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
- 18:46 (IST) 30 Oct 2023പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ല: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സത്യവാങ്മൂലം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. 1951ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മിഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
- 18:42 (IST) 30 Oct 2023കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിൻ അറസ്റ്റിൽ
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊലപാതകം, വധശ്രമം, സ്ഫോടകവസ്തു നിയമം, യുഎപിഎ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ ഇന്നലെയാണ് കൊടകര സ്റ്റേഷനിലെത്തി പൊലിസിന് മുമ്പാകെ കീഴടങ്ങിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇന്നലെ തന്നെ ഇയാൾ ഏറ്റെടുത്തിരുന്നു. യഹോവ സാക്ഷികളുടെ സഭയോട് തനിക്കുണ്ടായ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ മാർട്ടിൻ വെളിപ്പെടുത്തിയിരുന്നു.
- 14:43 (IST) 30 Oct 2023ആറളത്ത് വനംവകുപ്പ് വാച്ചർമാർക്ക് നേരെ വെടിവച്ച് മാവോയിസ്റ്റുകൾ
കണ്ണൂരിലെ ആറളത്ത് വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്റ്റുകൾ വെടിവച്ചു. ആറളം വന്യജീവി സങ്കേതത്തിന് അടുത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടുന്നതിനിടെ വാച്ചർമാർക്ക് പരിക്കേറ്റു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.