Malayalam Top News Highlights: കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ അക്രമണം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ യുവാവിനു പരുക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് (35) പരുക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബർ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമണം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചിരുന്നു.
പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിത്; സുധീരന് മറുപടിയുമായി കെ.മുരളീധരൻ
കോഴിക്കോട്: പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് കെ.മുരളീധരൻ. 2016 ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. 2024 നെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ആധിക്യത്തെക്കുറിച്ചുളള വി.എം.സുധീരന്‍റെ പരാമര്‍ശത്തിനാണ് മുരളീധരന്റെ മറുപടി.
ഗ്രൂപ്പ് വീതം വയ്പില്‍ മനം മടുത്താണ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവച്ചതെന്നും അന്ന് രണ്ടു ഗ്രൂപ്പായിരുന്നെങ്കില്‍ ഇന്ന് ഗ്രൂപ്പുകള്‍ അഞ്ചായെന്നുമാണ് സുധീരൻ പറഞ്ഞത്.
വിവാദ ചിത്രമായ ദി കേരള സ്റ്റോറിയെ കുറിച്ച് പ്രതികരിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍. അബുദാബിയില്‍ പത്രസമ്മേളനത്തിനിടെ ചിത്രത്തെ സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. ഒരു സിനിമ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെട്ടാല്‍ മാത്രം പോരാ എന്നുംഅദ്ദേഹം പറഞ്ഞു. ”ഞാന്‍ നിങ്ങളോട് പറഞ്ഞു, ഇത് പ്രൊപ്പഗാന്‍ഡിസ്റ്റ് സിനിമകളാണ്. ഞാന്‍ എതിര്‍ക്കുന്നു, ലോഗോ ആയി താഴെ ‘യഥാര്‍ത്ഥ കഥ’ എന്നെഴുതിയാല്‍ പോരാ. ഇത് ശരിക്കും സത്യമായിരിക്കണം, ഇത് ശരിയല്ല. ‘ കമലഹാസന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.Readmore
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി.
എഐ ക്യാമറ പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ അപഹാസ്യമെന്ന് പരിഹസിച്ച സിപിഎമ്മിനെതിരെ കെപിസിസി അധ്യക്ഷകന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടേയും ബന്ധുവിന്റേയും അഴിമതിക്ക് കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്ന്നെന്ന് സുധാകരന്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സിലിന്റെ എട്ടാമത് നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാര്‍. READMORE
ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കോലഴി ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ എന്നയാളാണ് മരണപ്പെട്ടത്. 49 വയസായിരുന്നു. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ഇവർ കോലഴിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രവര്‍ത്തകര്‍ ഒരുക്കിയ വിരമിക്കല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണുള്ളത്.
അരിക്കൊമ്പനെകൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് നീക്കം തുടങ്ങി. കുങ്കിയാനകള്‍ വൈകിട്ടൊടെ പൊള്ളാച്ചിയിൽ നിന്ന് തിരിക്കും. ടോപ് സ്റ്റേഷൻ ആന കേന്ദ്രത്തിൽ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പനെ തുരത്താന്‍ എത്തിക്കുന്നത്.
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരിന്റെ സമീപനമെന്നും റഹീം വിമർശിച്ചു.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വാതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ടൗണിലെത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ ആന എത്തിയത്. അഞ്ച് വാഹനങ്ങള്‍ തകർത്തതായും ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റതായും വിവരമുണ്ട്. Read More
അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ ആണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.