Malayalam Top News Highlights: കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിനു മുകളിൽനിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ.ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മേയ് എട്ടിനാണ് ലക്ഷ്മിയെ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടറാണ് ലക്ഷ്മി. ലക്ഷ്മി വിഷാദരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ആശുപത്രിയുടെ മൂന്നാ നിലയിലായിരുന്നു ലക്ഷ്മിയെ അഡ്മിറ്റ് ചെയ്തിരുന്നത്. പുലർച്ചെ അഞ്ചു മണിയോടെ എട്ടാം നിലയിലേക്ക് ലക്ഷ്മി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. 31 പന്തില്‍ 49 റണ്‍സ് നേടിയ സാം കറണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
കെ – ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. READMORE
എരുമേലിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. അടിയന്തരമായി ശനിയാഴ്ച അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് കലക്ടര്‍ പി.കെ.ജയശ്രീ പറഞ്ഞു. അഞ്ചുലക്ഷം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സെബിക്ക് (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. അദാനി ഗ്രൂപ്പ് ഒരു ലംഘനവും നടത്തിയിട്ടില്ലെന്നും വിപണി നിയന്ത്രിക്കുന്ന സെബിയുടെ വ്യവസ്ഥകളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി നിയമിച്ച പാനല്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ വഞ്ചന, സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമം, ഓഫ്ഷോര്‍ സ്ഥാപനങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ആരോപിച്ച് യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. ജനുവരി 24 ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി അസ്ഥിരമായിരുന്നില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. Readmore
സംസ്ഥാനത്ത് കൊടും ചൂട് തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കണ്ണൂർ ജില്ലയിൽ 36°C വരെയും, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read More
സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാറിലായതാണ് കാരണമെന്ന് വ്യാപാരികൾ അറിയിച്ചു. സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു.
മലപ്പുറം നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും കെ.വി.വിശ്വനാഥനും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.
എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്.

എരുമേലി പഞ്ചായത്തിലെ 14-ാം വാർഡായ കണമലയിൽ ഇന്നു രാവിലെ കാട്ടു പോത്തിന്റെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു.