scorecardresearch
Latest News

Malayalam Top News Highlights: സമരം പിന്‍വലിച്ച് ഡോക്ടര്‍മാര്‍, തീരുമാനം മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല്‍

ഡോ. വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയത്

doctor, health, ie malayalam
പ്രതീകാത്മക ചിത്രം

Malayalam Top News Highlights: തിരുവനന്തപുരം: ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വി.ഐ.പി. ഡ്യൂട്ടി ചെയ്യില്ലെന്നും കെ.ജി.എം.ഓ.എ വ്യക്തമാക്കി.

Live Updates
21:18 (IST) 11 May 2023
IPL 2023: ചഹല്‍ മാജിക്കില്‍ കൊല്‍ക്കത്തയ്ക്ക് ഷോക്ക്; രാജസ്ഥാന് 150 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യുസുവേന്ദ്ര ചഹലാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.

20:31 (IST) 11 May 2023
‘ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം’; ഉടന്‍ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി. ഉടന്‍ തന്നെ ഇമ്രാന്‍ ഖാനെ മോചിതനാക്കണമെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഉമര്‍ അത ബന്ദ്യാല്‍, ജസ്റ്റിസ്‍ മുഹമ്മദ് അലി മസര്‍, അതല്‍ മിനല്ല എന്നിവരടങ്ങിയ ബെഞ്ചാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ചെയർമാന്‍ കൂടിയായ ഇമ്രാന്‍ ഖാനെ ഹാജരാക്കാന്‍ ഉത്തരവിട്ടത്.

19:23 (IST) 11 May 2023
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ കര്‍ശന ശിക്ഷ; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും.

സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

https://malayalam.indianexpress.com/kerala-news/attacks-on-health-workers-the-government-will-issue-an-ordinance-cm-vijayan-820929/

17:46 (IST) 11 May 2023
കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും: ആരോഗ്യമന്ത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇത് സംബന്ധിച്ച് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നതെന്നും മന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

15:53 (IST) 11 May 2023
IPL 2023: കനല് കെടാതെ ധോണി; 15 വര്‍ഷങ്ങള്‍ക്കിപ്പുറവും ചെന്നൈയുടെ നിര്‍ണായക താരം

അന്താരാഷ്ട്ര ക്രിക്കറ്റിനോട് എം എസ് ധോണി ഗുഡ് ബൈ പറഞ്ഞിട്ട് നാല് വര്‍ഷത്തോളമാകുന്നു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറവും 2008-ലെ ഊര്‍ജത്തില്‍ തന്നെയാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനായി കളത്തിലെത്തുന്നത്. അന്നും ഇന്നും ചെന്നൈയുടെ മികച്ച ഫിനിഷര്‍ ആരെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ധോണി തന്നെയാണ്.

https://malayalam.indianexpress.com/sports/ipl/ms-dhoni-still-going-well-at-42-reinvents-himself-to-remain-useful-in-ipl-2023-820577/

14:37 (IST) 11 May 2023
ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

13:16 (IST) 11 May 2023
പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്ന് വി.ഡി.സതീശൻ

ആരോ​ഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും. കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

12:36 (IST) 11 May 2023
മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം ചേരുന്നത്. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

11:24 (IST) 11 May 2023
പാക്കിസ്ഥാനിൽ കലാപം തുടരുന്നു; എട്ടുപേർ കൊല്ലപ്പെട്ടു, നിരവധി പിടിഐ നേതാക്കൾ അറസ്റ്റിൽ

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനിന്റെ നിരവധി പ്രദേശങ്ങളിൽ കലാപം തുടരുന്നു. കലാപത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Read More

11:23 (IST) 11 May 2023
ഡോ.വന്ദന ദാസിന് വിട ചൊല്ലാനൊരുങ്ങി ജന്മനാട്, സംസ്കാരം ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ സംസ്കാരം ഇന്നു നടക്കും. ഇന്നലെ രാത്രി എട്ടു മണിയോടെ വന്ദനയുടെ മൃതദേഹം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

Web Title: Malayalam top news live updates may 11