scorecardresearch

Malayalam Top News Highlights:വനിതാ ഡോക്ടറുടെ മരണം; സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ്(23) ആണ് മരിച്ചത്.

PG Doctors Strike
പ്രതീകാത്മക ചിത്രം

Malayalam Top News Highlights: കൊല്ലം: ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ്(23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്.

അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിലിരിക്കേയാണ് വന്ദനാ ദാസ് മരിച്ചത്.

Live Updates
22:33 (IST) 10 May 2023
ഡോ. വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു.

21:23 (IST) 10 May 2023
IPL 2023: ഒൻപത് പന്തില്‍ 20 റണ്‍സ്! ധോണി പവറില്‍ ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 55-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ മാര്‍ഷാണ് ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ നിഷേധിച്ചത്.

20:10 (IST) 10 May 2023
Karnataka Exit Poll 2023 Result: കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്; ജെഡിഎസ് നിര്‍ണായകമാകും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്തെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

2018 തിരഞ്ഞെടുപ്പിന് സമാനമായി ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം മറികടക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും ജെഡിഎസ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും.

https://malayalam.indianexpress.com/news/karnataka-exit-poll-2023-result-jds-will-be-the-kingmaker-close-contest-between-congress-and-bjp-819970/

19:27 (IST) 10 May 2023
ഡോ. വന്ദന കൊലക്കേസ്: സന്ദീപ് റിമാന്റില്‍; ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ജി സന്ദീപിനെ റിമാന്റ് ചെയ്തു. കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിനെ റിമാന്റ് ചെയ്തത്. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. കാലിന് പരുക്കേറ്റ സന്ദീപിനെ വീല്‍ ചെയറിലാണ് കോടതയില്‍ എത്തിച്ചത്.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

16:59 (IST) 10 May 2023
ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സമയത്തില്‍ ഇളവ്

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം, മാനസിക വളര്‍ച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളില്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് ജോലി സമയത്തില്‍ ഇളവു നൽകാൻ മന്ത്രി സഭാ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ക്കു പുറമേ ഒരു മാസം ആകെയുള്ള ജോലി സമയത്തില്‍ പരമാവധി 16 മണിക്കൂര്‍ കൂടിയാണ് ഇളവ് അനുവദിക്കുന്നത്.

16:09 (IST) 10 May 2023
Karnataka Exit Polls: കര്‍ണാടക എക്സിറ്റ് പോള്‍ ഇന്ന് വൈകുന്നേരം; 2018-ലെ ചിത്രം പരിശോധിക്കാം

കര്‍ണാടക നിയമസഭാ തിരിഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈകുന്നേരത്തോടെ പുറത്ത് വരും. ഇതുവരെ സംസ്ഥാനത്ത് 40 ശതമാനത്തിലധികം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2018-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം മറികടക്കാനായിരുന്നില്ല. എങ്കിലും 104 എംഎല്‍എമാരുള്ള ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 76 സീറ്റും ജെഡിഎസിന് 37 സീറ്റുമായിരുന്നു ലഭിച്ചത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും അവര്‍ ഒപ്പം കൂട്ടി.

https://malayalam.indianexpress.com/news/karnataka-exit-polls-how-were-bjp-congress-and-jds-placed-in-2018-819645/

15:14 (IST) 10 May 2023
വനിതാ ഡോക്ടറുടെ മരണം: പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ? ചോദ്യങ്ങളുമായി ഹൈക്കോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് എവിടെയെങ്കിലും ഇത്തരം സംഭവം മുന്‍പുണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു. പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ. എങ്ങനെ സുരക്ഷ ഒരുക്കണമെന്ന കാര്യം കോടതി പറഞ്ഞു തരേണ്ടതില്ല. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും കോടതി പറഞ്ഞു.

14:10 (IST) 10 May 2023
കര്‍ണാടക: ഉച്ചവരെ 37.25 ശതമാനം പോളിങ്, ബല്ലാരിയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കര്‍ണാടക പോളിങ് ആരംഭിച്ച് മണിക്കൂറകള്‍ പിന്നിടുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണി വരെ 37.25 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം ബല്ലാരിയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബല്ലാരിയിലെ ഒരു പോളിംഗ് ബൂത്തിലാണ് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. Readmore

12:37 (IST) 10 May 2023
വനിതാ ഡോക്ടറുടെ മരണം: ഇടപെട്ട് ഹൈക്കോടതി, പ്രത്യേക സിറ്റിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. പ്രതിയുടെ ആക്രമണത്തില്‍ ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന. Readmore

12:36 (IST) 10 May 2023
വനിതാ ഡോക്ടറുടെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്.

ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

12:08 (IST) 10 May 2023
യുവ ഡോക്ടറുടെ മരണം,പൊലീസിന്റെ അനാസ്ഥ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിത ഡോക്ടര്‍ കൊല്ലപ്പെടാന്‍ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് പ്രതിയെ എത്തിച്ചത് സുരക്ഷ ഒരുക്കാതെയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. Readmore

11:41 (IST) 10 May 2023
വനിതാ ഡോക്ടറുടെ മരണം;ദാരുണ സംഭവമെന്ന് ആരോഗ്യ മന്ത്രി

കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്നത് ദാരുണ സംഭവമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ്. പൊലീസ് എയ്ഡ്‌പോസ്റ്റ് അടക്കം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോള്‍ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമം നിലവിലുണ്ട്. നിയമം കൂടുതല്‍ ശക്തമായി ഓര്‍ഡിനന്‍സ് രൂപത്തില്‍ ഇറക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

10:30 (IST) 10 May 2023
സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. Readmore

09:07 (IST) 10 May 2023
ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം; വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമത്തില്‍ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി സ്വദേശി സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ ഇയാള്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Web Title: Malayalam top news live updates may 10