/indian-express-malayalam/media/media_files/uploads/2023/06/Screenshot-1-1.jpg)
Screenshot
Malayalam Top News Highlights: കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലത അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.
- 21:12 (IST) 17 Jun 2023കനത്ത മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 20:22 (IST) 17 Jun 2023‘മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെ? എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്’; ചോദ്യവുമായി സര്‍വകക്ഷി സംഘം
ഒന്നര മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായി പരിഗണിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആശങ്കകള്‍ അറിയിച്ചേനെയെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാനായി ഡല്‍ഹിയിലെത്തിയ മണിപ്പൂരില് നിന്നുള്ള 10 പാര്‍ട്ടികളുടെ പ്രതിനിധികളടങ്ങിയ സംഘത്തിന്റെ ഭാഗമാണ് ഒക്രമും. ജൂണ് 12-ന് പ്രതിനിധി സംഘം മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല.
- 18:27 (IST) 17 Jun 2023പലചരക്ക് വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
പൊതുവിപണിയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ വിപണന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മിന്നൽ പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. ചാല മാർക്കറ്റ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല. 22 മൊത്ത വ്യാപാര, ചില്ലറ വില്പന ശാലകൾ പരിശോധിച്ചതിൽ വിലനിലവാര ബോർഡ്, അളവ് തൂക്ക സംബന്ധമായ ക്രമക്കേടുകൾ, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ 12 ക്രമക്കേടുകൾ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു റീട്ടെയിൽ പ്രൊവിഷൻ സ്റ്റോറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ താൽക്കാലികമായി നിർത്തലാക്കി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കടയുടമകൾക്ക് കർശന നിർദ്ദേശം നൽകി.
- 17:09 (IST) 17 Jun 2023മണിപ്പൂരില്‍ തീ അണയുന്നില്ല; ആക്രമണങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തിരിയുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടും മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഇന്നലെ രാത്രിയിലുടനീളം മണിപ്പൂരിലെ ക്വാക്ത മേഖലയില്‍ വെടിവയ്പ്പ് തുടര്‍ന്നു. നിരവധി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്താന്‍ ആള്‍ക്കൂട്ടം ഇന്നലെയും ഇന്നുമായി ശ്രമിക്കുന്നുണ്ട്.
- 16:14 (IST) 17 Jun 2023അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണ: കെ.സുരേന്ദ്രൻ
അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശൻ്റെ വിദേശ പണപ്പിരിവിൻ്റെ എല്ലാ തെളിവുകളും സർക്കാരിൻ്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ.സുധാകരൻ്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായുള്ള അഡ്ജസ്റ്റ്മെൻ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിയമവാഴ്ചയെ തച്ച് തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നിൽക്കുന്നത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി വിപുലമായ പ്രചരണം നടത്തും. 25 ന് ദേശീയ അദ്ധ്യക്ഷൻ ജഗത്പ്രകാശ് നദ്ദ തിരുവനന്തപുരത്ത് വരും. കേന്ദ്ര സർക്കാറിൻ്റെ ഒമ്പതാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന പരിപാടികളിലും സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുക്കും.
- 15:30 (IST) 17 Jun 2023സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്പെടും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 20-ാം തിയതി വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്.Readmore
- 13:56 (IST) 17 Jun 2023പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
- 13:07 (IST) 17 Jun 2023ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ വീണ്ടും കാണാതായി
മൃഗശാലയിൽനിന്ന് ചാടിപ്പോകുകയും മൃഗശാലക്കുള്ളിലെ മരത്തിൽ തന്നെ കണ്ടെത്തുകയും ചെയ്ത ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാതായി. നാട്ടുകാർ അറിയിച്ച ഭാഗത്ത് അധികൃതർ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
- 11:48 (IST) 17 Jun 2023മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതി
വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. മോന്‍സനെതിരായി റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്. Readmore
- 11:18 (IST) 17 Jun 2023ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ സർട്ടിഫിക്കറ്റ് വിവാദം
വ്യാജ സർട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്എഫ്ഐയിലും. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട് ഇയാൾക്കെതിരെ നടപടി എടുത്തു. പരാതി ഉയർന്നതിനു പിന്നാലെ നിഖിലിനെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടി. ഇയാളെ ജില്ലാ, കായംകുളം ഏരിയാ കമ്മിറ്റികളിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിനു നിഖിൽ തോമസ് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-20 കാലഘട്ടത്തിലാണ് നിഖിൽ എംഎസ്എം കോളജിൽ ബികോം പഠിച്ചത്. എന്നാൽ ഡ്രിഗ്രി പാസായില്ല. ബികോം പഠിക്കുമ്പോൾ 2019ൽ യുയുസിയും 2020ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ.
- 11:01 (IST) 17 Jun 2023ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ പാമ്പ് കടിച്ചു
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. പാമ്പ് കടിയേറ്റ ലതയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ലത അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.