Malayalam Top News Highlights: ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഭീരരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തി. ഇതിനിടയിൽ ഭീകരർ സൈനികർക്കുനേരെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 47-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 172 റണ്‍സ് വിജയലക്ഷ്യം. ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 171 റണ്‍സ് നേടിയത്.
ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാസംഘത്തലവന്‍ അനില്‍ ദുജാന കൊല്ലപ്പെട്ടു. സൂറത്തില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് അനില്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ സംഘത്തിലെ അംഗങ്ങളെ കാണാന്‍ ദുജാന യാത്ര ചെയ്യവെയാണ് സംഭവം. എസ് ടി എഫ് ടീം വളഞ്ഞതോടെ ദുജാന സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ നടത്തിയ ബഹുജന റാലിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍.
ട്രാന്‍സ്മാനും ബോഡി ബില്‍ഡറുമായ പ്രവീണ്‍ നാഥ് അന്തരിച്ചു. തൃശുര്‍ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശുര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം
കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേയ് രണ്ടാം തീയതിയാണ് അരുണ്‍ ഹോട്ടലില്‍ മുറിയെടുത്തത്.
സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്ക് ഉത്തരവ് ബാധകമാണ്. നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. പൈലറ്റടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേർ പരുക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു.
കൂടത്തായി കൂട്ടക്കൊലക്കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ പ്രതികൾക്ക് അനുകൂലമായി കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ.
ആലപ്പുഴയിൽ റോഡിലെ മരണക്കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.
കൊല്ലം അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിലും വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്ത് ഇന്നു മുതൽ വേനൽ മഴ കുറയും. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ട മഴ തുടരും. മലയോര മേഖലയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.