scorecardresearch
Latest News

Malayalam News Highlights:ആംബുലന്‍സ് നിയന്ത്രണം വിട്ടുമറിഞ്ഞു; രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

accident, kerala news, ie malayalam
accident

Malayalam News Highlights:തുശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്തുവച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്. ഡ്രൈവര്‍ അടക്കം ആറുപേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട മരത്തംകോട് സ്വദേശി ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലന്‍സ്. ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. അല്‍ അമീന്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

Live Updates
21:17 (IST) 3 May 2023
കൂടുമാറാന്‍ മെസി; പാരിസ് സെന്റ് ജര്‍മനില്‍ താരം തുടരില്ല

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മന്‍ വിടാനൊരുങ്ങുന്നു. ഈ സീസണിന്റെ അവസാനത്തോടെ മെസി ക്ലബ്ബ് വിടുമെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയൊ റൊമാനൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതിന് മെസിയെ പി എസ് ജി സസ്‍പെന്‍ഡ് ചെയ്തിരുന്നു. മെസിയുടെ പിതാവ് ജോര്‍ജെ താരത്തിന്റെ തീരുമാനം ഒരു മാസം മുന്‍പ് തന്നെ ക്ലബ്ബിനെ അറിയിച്ചതായും ഫാബ്രിസിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

20:33 (IST) 3 May 2023
അരിക്കൊമ്പന്റെ വലതു കണ്ണിന് കാഴ്ചക്കുറവ്; തുമ്പിക്കൈക്കും പരുക്കുണ്ടെന്ന് വനം വകുപ്പ്

ഇടുക്കി ചിന്നക്കനാലില്‍ നിന്ന് വനം വകുപ്പ് പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എന്ന ആനയുടെ വലതു കണ്ണിന് കാഴ്ചക്കുറവുള്ളതായി റിപ്പോര്‍ട്ട്. വനം വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആനയ്ക്ക് മയക്കുവെടി വച്ചതിന് ശേഷം വനം വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം കണ്ടെത്തിയത്. കൂടാതെ തുമ്പിക്കൈക്കും ശരീരത്തിലും പരുക്കുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://malayalam.indianexpress.com/kerala-news/arikomban-elephant-have-vision-problem-and-injuries-says-forest-department-812450/

19:07 (IST) 3 May 2023
LSG vs CSK Live Score, IPL 2023: ചെന്നൈ – ലക്നൗ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സ് – ലക്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. മഴ മൂലം കളി തടസപ്പെടുമ്പോള്‍ ലക്നൗ 19.2 ഓവറില്‍ 125-6 എന്ന നിലയിലായിരുന്നു.

18:11 (IST) 3 May 2023
പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഭൂരഹിതരായ ബി.പി.എൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന

''കുടുംബം” എന്ന നിർവ്വചനത്തിൽ വരുന്ന ബന്ധുക്കൾ ഒഴികെയുള്ള ആൾക്കാർ ദാനമായോ വിലയ്ക്കു വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും.

ദുരന്തങ്ങളിൽപ്പെട്ട വ്യക്തികൾ ദുരന്തം നടന്ന് അഞ്ചു വർഷത്തിനകം സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവർക്ക് ബന്ധുക്കൾ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നൽകുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും.

അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്സ് ബാധിതരുടെയും പുനരധിവാസത്തിനും അവർക്ക് സ്കൂളുകൾ നിർമ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറിൽ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും.

മേല്‍പറഞ്ഞ ഇളവുകൾ നൽകി ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള അധികാരം നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകും. ഉത്തരവ് ജില്ലാ കളക്ടറുടെ ശിപാർശ പ്രകാരമായിരിക്കണം. ഇതിൽ പെടാത്ത പൊതു താൽപര്യവിഷയങ്ങളിൽ നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം നടപടികൾ സ്വീകരിക്കും.

15:35 (IST) 3 May 2023
മാധ്യമ സ്വാതന്ത്ര്യത്തിന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത വെല്ലുവിളി; ഇന്ത്യയില്‍ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്

അന്താരാഷ്ട്ര തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുന്നു. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 31 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഗുരുതരമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് 21 രാജ്യങ്ങളില്‍ മാത്രമായിരുന്നു ഗുരുതരാവസ്ഥ നിലനിന്നിരുന്നത്.

സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടേയും ജനാധിപത്യ സര്‍ക്കാരുകളായി കണക്കാക്കപ്പെടുന്നവരുടേയും തെറ്റായ പ്രചരണങ്ങളുടേയും പ്രവണതകളുടേയും ഫലമാണ് നിലവിലെ സ്ഥിതക്ക് കാരണമെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് (ആര്‍എസ്എഫ്) പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് മനസിലാകുന്നു.

https://malayalam.indianexpress.com/news/world-press-freedom-index-india-ranked-at-161-among-180-countries-812006/

14:51 (IST) 3 May 2023
എ ഐ ക്യാമറ: അടുത്ത ബന്ധുവിനെതിരെയും ആരോപണം, മുഖ്യമന്ത്രി മൗനം വെടിയണം: വി ഡി സതീശന്‍

എ ഐ. ക്യാമറ അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാഴ്ചക്കാലമായി ഉയരുന്ന ആരോപണത്തില്‍ ഒരു മറുപടിയും പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഓരോ തെളിവുകളും സാവകാശത്തിലാണ് പ്രതിപക്ഷം പുറത്തു വിട്ടത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെയും ആരോപണം വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസാന അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Readmore

13:22 (IST) 3 May 2023
ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലില്‍ പി ടി ഉഷയെത്തി

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയെത്തി. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പി ടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഉഷക്കെതിരെ പ്രതിഷേധമുണ്ടായി. പന്തലില്‍ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം വിമുക്തഭടന്‍ തടഞ്ഞു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടന്‍.

13:09 (IST) 3 May 2023
സ്വവര്‍ഗ വിവാഹം: ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാമെന്ന് കേന്ദ്രം

സ്വവര്‍ഗ ദമ്പതികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ഭരണപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തയാറെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്, സ്വവര്‍ഗ ദമ്പതികള്‍ക്കുള്ള ആശങ്കകളില്‍ ഒന്നിലധികം മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം ഇതിന് ആവശ്യമാണ് എന്നതാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതിനാല്‍, കാബിനറ്റ് സെക്രട്ടറിയില്‍ കുറയാത്ത ഒരു സമിതി രൂപീകരിക്കും.”സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിനോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. Readmore

12:20 (IST) 3 May 2023
മിഷന്‍ അരിക്കൊമ്പന്‍: ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി

അരിക്കൊമ്പന്‍ ദൗത്യസംഘത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മാറ്റിയതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതി വിലയിരുത്തി. ദൗത്യസംഘാംഗങ്ങള്‍ക്ക് നന്ദിയറിയിച്ച് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ഹൈക്കോടതി കത്തില്‍ വ്യക്തമാക്കി. റേഡിയോകോളര്‍ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് കോടതിയെ അറിയിച്ചു. ചിന്നക്കനാലിലേക്ക് ആന തിരികെ വരാന്‍ സാധ്യത ഇല്ലേ എന്ന് കോടതി ചോദ്യമുയര്‍ത്തിയപ്പോള്‍ അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്‌നാട് മേഖലയിലേക്കാണെന്ന് വനംവകുപ്പ് മറുപടി നല്‍കി. റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയില്‍ അറിയിച്ചു. ഭക്ഷണവും വെള്ളവും തേടി കൊമ്പന്‍ തിരികെ വരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. Readmore

11:18 (IST) 3 May 2023
ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി രമേശ് ചെന്നിത്തല

ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രവർത്തനങ്ങളും പൊതിച്ചോറ് വിതരണവും എടുത്ത് പറഞ്ഞായിരുന്നു ചെന്നിത്തലയുടെ പരാമർശം. യൂത്ത് കോൺഗ്രസിന്റെ കാസർകോട് ജില്ലാ സമ്മേളനത്തിൽ വെച്ചായിരുന്നു രമേശ് ചെന്നിത്തല ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയത്.

10:14 (IST) 3 May 2023
ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

Web Title: Malayalam news live updates may 03