scorecardresearch

Malayalam News Highlights:നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു

രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

accident, kerala news, ie malayalam
accident

Malayalam News Highlights:പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോയ ആംബുലന്‍സാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സ് ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ആംബുലന്‍സ് തെന്നി മാറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ നിന്നും രോഗിയെ കാറില്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Live Updates
21:15 (IST) 2 May 2023
ആളിക്കത്തി ഷമി; നാണക്കേടില്‍ നിന്ന് ഡല്‍ഹിയെ രക്ഷിച്ച് അമന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 44-ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഡല്‍ഹിയെ തകര്‍ത്തത്. അമന്‍ ഖാന്‍ (51) ഡല്‍ഹിക്കായി അര്‍ദ്ധ സെഞ്ചുറി നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടെ തീയുണ്ടകളായിരുന്നു. പവര്‍പ്ലെയില്‍ മൂന്ന് ഓവറില്‍ കേവലം ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഷമി പിഴുതത്. ഫില്‍ സാള്‍ട്ട് (0), പ്രിയം ഗാര്‍ഗ് (10), റീലി റൂസൊ (8), മനീഷ് പാണ്ഡെ (1) എന്നിവരാണ് ഷമിക്ക് മുന്നില്‍ കീഴടങ്ങി പവലിയനിലെത്തിയത്.

19:37 (IST) 2 May 2023
അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, കുറ്റക്കാരനാണെന്ന വിധിക്ക് അടിയന്തര സ്റ്റേ ഇല്ല

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

വേനലവധിക്ക് ശേഷം മാത്രമേ വിധി പറയൂ എന്ന് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വ്യക്തമാക്കി. ഹൈക്കോടതി വേനൽക്കാല അവധിക്കായി മേയ് എട്ട് മുതൽ ജൂൺ നാല് വരെ അടച്ചിടും. ജസ്റ്റിസ് പ്രച്ഛക് വിദേശപര്യടനത്തിന് പോുന്നതിനാല്‍ മേയ് നാല് മുതല്‍ അവധിയാണ്. അടിയന്തര സ്റ്റേ ലഭിക്കാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും.

17:58 (IST) 2 May 2023
ഗോ ഫസ്റ്റ് മെയ് 3, 4 തീയതികളില്‍ സര്‍വീസ് നടത്തില്ല

എണ്ണ വിപണന കമ്പനികൾക്ക് നൽകാനുള്ള കുടിശികയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ എയർലൈൻ ഗോ ഫസ്റ്റ് മെയ് 3, 4 തീയതികളിലെ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയതായി അറിയിച്ചു. വിമാനങ്ങൾക്ക് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് വാഡിയ ഗ്രൂപ്പ് എയർലൈൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

16:44 (IST) 2 May 2023
കൃത്രിമ ജലപാത: ഏകപക്ഷീയ സര്‍വെ നടപടികള്‍ കോണ്‍ഗ്രസ് തടയുമെന്ന് സുധാകരന്‍

ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നതും വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍

കെ.റെയില്‍ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്. പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സര്‍വെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നത്. ഇത് ഇനിയും തുടരാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.ജനവികാരം ഉള്‍ക്കൊള്ളാതെ സര്‍വെ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പൊതുജനത്തെ അണിനിരത്തി അത് കോണ്‍ഗ്രസ് തടയും.പിറന്നമണ്ണില്‍ ജീവിക്കാനുളള അവകാശം നിഷേധിച്ച് നൂറുകണക്കിനാളുകളുടെ വീടുകളും മറ്റു സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടാണ് പാതനിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത്.വികസനത്തിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പദ്ധതികളോട് യോജിക്കാനാവില്ലെന്നും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും നാടിനും ദോഷകരമല്ലാത്തതും ഉപകാരപ്രദവുമായ പദ്ധതികളാണ് ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

15:57 (IST) 2 May 2023
‘പിണറായിയുടെ മടിയില്‍ കനമുണ്ട്, എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’; എഐ ക്യാമറ വിവാദത്തില്‍ സതീശന്‍

എഐ ക്യാമറ കരാറുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം വിഷയത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെ നേരിടാന്‍ തയാറാകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് സതീശന്‍ പരിഹസിച്ചു.

ഊരാളുങ്കൽ ഉള്‍പ്പടെയുള്ള കമ്പനികൾ ഉപ കരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മിഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകു, സതീശന്‍ ആവശ്യപ്പെട്ടു.

https://malayalam.indianexpress.com/kerala-news/ai-camera-vd-satheeshan-slams-cm-vijayan-for-being-silent-810951/

14:35 (IST) 2 May 2023
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം ന​ഗരസഭ കൗൺസിലർ വി ജി ​ഗിരികുമാറിനെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ​ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പിടിപി ന​ഗർ വാർഡ് കൗൺസിലറാണ് ​ഗിരികുമാർ.  

13:47 (IST) 2 May 2023
എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ(എന്‍സിപി) അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍. എന്‍സിപിയുടെ സധ്യക്ഷ പദവി ഒഴിയുകയാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഒരു സമിതി ഭാവി നടപടി തീരുമാനിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നത്.

പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഔഹദ്, ഹസന്‍ മുഷ്രിഫ്, ധനന്‍ജയ് മുണ്ടെ, ജയ്ദേവ് ഗെയ്ക്വാദും പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. Readmore

11:28 (IST) 2 May 2023
അരിക്കൊമ്പന്‍ തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖയില്‍; വനം വകുപ്പ് നിരീക്ഷണത്തില്‍

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍. ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം. Readmore

10:46 (IST) 2 May 2023
നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു

പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോയ ആംബുലന്‍സാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സ് ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ആംബുലന്‍സ് തെന്നി മാറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ നിന്നും രോഗിയെ കാറില്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Web Title: Malayalam news live updates may 02