scorecardresearch
Latest News

Live

Malayalam News Highlights: ഔദ്യോഗിക വസതി ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടിസ് നല്‍കി

ഏപ്രില്‍ 23ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം

rahul gandhi, congress, ie malayalam

Malayalam News Highlights: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയാഗ്യനായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടിസ് നല്‍കി. തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 23ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം. രാഹുല്‍ അയോഗ്യനാക്കപ്പെടുന്നതോടെ, പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്.

നെടുമ്പാശേരി ഹെലികോപ്റ്റർ അപകടം; അന്വേഷണം ഇന്ന് തുടങ്ങും

നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാ‍‍ർഡ് ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്റ്റർ പരിശോധിക്കും. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.

Live Updates
21:09 (IST) 27 Mar 2023
കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റില്‍. തുംകുരുവിലെ ക്യാതസാന്ദ്ര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് കര്‍ണാടക ലോകായുക്ത പൊലീസാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.  ലോകായുക്ത പൊലീസിന്റെ മിന്നല്‍ റെയ്ഡില്‍ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടില്‍ നിന്നടക്കം എട്ട് കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു.

18:46 (IST) 27 Mar 2023
ഔദ്യോഗിക വസതി ഒഴിയണം; രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടിസ് നല്‍കി

പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയാഗ്യനായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടിസ് നല്‍കി. തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം. രാഹുല്‍ അയോഗ്യനാക്കപ്പെടുന്നതോടെ, പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്.

18:30 (IST) 27 Mar 2023
ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജിയില്‍ കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ച് സുപ്രീം കോടതി

ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ നേരത്തെ വിട്ടയച്ചതിനെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോടും ഗുജറാത്ത് സര്‍ക്കാരിനോടും മറ്റുള്ളവരോടും പ്രതികരണം തേടി സുപ്രീം കോടതി. കേസില്‍ നിരവധി പ്രശ്നങ്ങളുണ്ടന്നും വിഷയം വിശദമായി കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസിലെ 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ച പ്രസക്തമായ രേഖകളുമായി ഏപ്രില്‍ 18 ന് ഹാജരാകാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. Readmore

17:41 (IST) 27 Mar 2023
അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ചാവേര്‍ സ്ഫോടനം; ആറ് പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ചാവേര്‍ സ്ഫോടനം. ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച അഫ്ഗാനിസ്ഥാന്റെ തലസ്ഥാനത്ത് വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള സുരക്ഷാ ചെക്ക് പോയിന്റിന് സമീപമാണ് ചാവേര്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറ് പേര്‍ മരിച്ചതയും പൊലീസ് അറിയിച്ചു.

16:10 (IST) 27 Mar 2023
ലൈഫ് മിഷന്‍ കോഴ കേസില്‍ സന്തോഷ് ഈപ്പന് ജാമ്യം

ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ യുണീടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കേസുമായി സഹകരിക്കുന്നുണ്ടെന്ന സന്തോഷ് ഈപ്പന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഈ മാസം 20 നാണ്

സന്തോഷ് ഈപ്പന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു ഇ ഡി അറസ്റ്റ് ചെയ്തത്.

14:52 (IST) 27 Mar 2023
ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ തുടരും

ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ തുടരാൻ തീരുമാനം. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്പെഷ്യാലിറ്റി സൗകര്യം നിലനിർത്തും.

12:40 (IST) 27 Mar 2023
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം, ഇരു സഭകളും നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസപ്പെട്ടു. സഭ ചേർന്ന് സെക്കൻഡുകൾക്കുള്ളിൽ തന്നെ പിരിയുകയായിരുന്നു. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. Read More

11:55 (IST) 27 Mar 2023
ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു.

11:27 (IST) 27 Mar 2023
ബ്രഹ്മപുരത്തെ തീ പൂർണമായി അണച്ചു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്.

11:26 (IST) 27 Mar 2023
ഇന്നസെന്റിന്റെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ; അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ

ഇന്നസെന്റിന്റെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ നിന്നുമാണ് മൃതദേഹം പൊതുദർശനത്തിനായി ഇവിടേക്ക് എത്തിച്ചത്. നിരവധി പേരാണ് ഇഷ്ട നടനെ അവസാനമായി ഒരു നോക്ക് കാണാൻ ഇവിടേക്ക് എത്തുന്നത്.

Web Title: Malayalam news live updates march 27