scorecardresearch
Latest News

Malayalam News Highlights : കേരളത്തിലും കോൺഗ്രസ്-സിപിഎം സഖ്യം നിലവില്‍ വന്നെന്ന് സുരേന്ദ്രൻ

നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

K Surendran, BJP, IE Malayalam

Malayalam News Highlights: രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം നിലവിൽ വന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയ്യാറാവണം. നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Live Updates
21:46 (IST) 25 Mar 2023
ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണെന്ന് മന്ത്രി റിയാസ്

രാഹുല്‍ ഗാന്ധി വിഷയത്തില്‍ കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഒന്നിച്ചുനിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളെന്നും റിയാസ് പറഞ്ഞു.

20:35 (IST) 25 Mar 2023
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; തൃശൂരില്‍ മിന്നല്‍ ചുഴലി, വ്യാപക കൃഷി നാശം

കനത്ത മഴയെ തുടര്‍ന്ന് തൃശൂരില്‍ മിന്നല്‍ ചുഴലിയും ശക്തമായ കാറ്റും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയില്‍ വ്യാപകമായ കൃഷി നാശവും സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരങ്ങള്‍ കടപുഴകി വീണ് പലയിടങ്ങളിലും വൈദ്യുതിയും തകരാറിലായി.

19:52 (IST) 25 Mar 2023
നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു

നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സ തേടിയത്. മാർച്ച് 3-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

18:02 (IST) 25 Mar 2023
റഷ്യന്‍ യുവതിക്കെതിരായ അതിക്രമം: വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും

കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റഷ്യന്‍ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷന്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ നടത്തിയ അന്വേഷത്തില്‍ യുവതിക്ക് റഷ്യന്‍ ഭാഷയേ അറിയുകയുള്ളൂ എന്നതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ഏര്‍പ്പാടാക്കി നല്‍കി.

വിഷയം സംബന്ധിച്ച് വനിതാ കമ്മിഷന്‍ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ റഷ്യന്‍ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പാട് ചെയ്യണമെന്നും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

16:58 (IST) 25 Mar 2023
കേരളത്തിലും കോൺഗ്രസ്-സിപിഎം സഖ്യം നിലവില്‍ വന്നെന്ന് സുരേന്ദ്രൻ

രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം നിലവിൽ വന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയ്യാറാവണം. നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

16:16 (IST) 25 Mar 2023
സംസ്ഥാനത്ത് വേനല്‍ മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 25 ( ഇന്ന്), 26, 27 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. പ്രസ്തുത സഹാചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടര്‍ന്നേക്കും.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

25-03-2023: പത്തനംതിട്ട, ഇടുക്കി.26-03-2023: പത്തനംതിട്ട, ഇടുക്കി.

15:34 (IST) 25 Mar 2023
‘എന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയന്നതിനാലാണ് അയോഗ്യനാക്കിയത്’: രാഹുൽ ഗാന്ധി

അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്ര മോദി ഭയപ്പെട്ടതിനാലാണ് താൻ അയോഗ്യനാക്കപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ ശബ്ദത്തെ സംരക്ഷിക്കാൻ ഞാൻ ഇവിടെയുണ്ട്. അത് തുടരും, എനിക്ക് ആരെയും, ഒന്നിനെയും പേടിയില്ല. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് താൻ തുടരുമെന്നും രാഹുൽ വ്യക്തമാക്കി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിനുശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://malayalam.indianexpress.com/news/disqualified-because-pm-modi-is-scared-of-my-next-speech-on-adani-says-rahul-gandhi-774764/

13:48 (IST) 25 Mar 2023
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലെ പ്രതിഷേധം: 340 -ലേറെ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ക്കെതിരെ കേസ്

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് 40 പേർക്കും കോഴിക്കോട് 300 പേർക്കുമെതിരെയാണ് കേസെടുത്തത്.

12:17 (IST) 25 Mar 2023
രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം തെരുവിൽ പ്രതിഷേധിക്കും: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. Read More

12:17 (IST) 25 Mar 2023
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ: കെ.സുധാകരന്‍

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎമ്മും പങ്കാളിയാകുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണുള്ളത്. അങ്ങനെ വരികയാണെങ്കില്‍ അത്തരമൊരു ചിന്തയ്ക്ക് രൂപംപകരാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സുധാകരൻ പറഞ്ഞു.

12:00 (IST) 25 Mar 2023
രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് സതീശൻ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. 

10:12 (IST) 25 Mar 2023
ആലപ്പുഴ മെഡിക്കൽ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം

മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രാഷ്ട്രീയ ശുപാര്‍ശയില്‍ താത്കാലിക നിയമനം നടത്തിയെന്ന് ആരോപണം. അറ്റന്റർ തസ്തികയില്‍ നിയമനം ലഭിച്ച യുവതി , തന്നെ ശുപാര്‍ശ ചെയ്ത സിപിഐ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം പുറത്ത് വന്നതോടെ വിവാദമായിരിക്കുകയാണ്.

Web Title: Malayalam news live updates march 25