scorecardresearch
Latest News

Malayalam News Highlights: കോവിഡില്‍ ജയില്‍ മോചിതരായ തടുകാരോട് 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ കുറ്റവാളികളെ മോചിതരാക്കിയത്.

Supreme Court, SC Collegium, SC collegium new judges, Appointment of 5 judges
സുപ്രീം കോടതി (ഫയൽ ചിത്രം)

Malayalam News Highlights: ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ സമയത്ത് ജയില്‍ മോചിതരായ എല്ലാ കുറ്റവാളികളോടും വിചാരണത്തടവുകാരോടും 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടിയന്തര ജാമ്യത്തില്‍ പുറത്തിറങ്ങിയ വിചാരണ തടവുകാര്‍ക്ക് കീഴടങ്ങിയ് ശേഷം കോടതികള്‍ക്ക് മുമ്പാകെ പതിവ് ജാമ്യത്തിനായി നീങ്ങാമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വിട്ടയച്ച എല്ലാ കുറ്റവാളികള്‍ക്കും കീഴടങ്ങിയതിന് ശേഷം ശിക്ഷാകാലാവധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതികളെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. നിരവധി കുറ്റവാളികളും വിചാരണത്തടവുകാരും, ഭൂരിഭാഗവും ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷ നേരിടുന്നവരുമാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ടത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ കുറ്റവാളികളെ മോചിതരാക്കിയത്.

റഷ്യന്‍ യുവതിക്ക് പരുക്കേറ്റ സംഭവത്തില്‍ വനിത കമ്മിഷന്‍ ഇടപെടല്‍

കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ ഇടപെട്ട് വനിത കമ്മിഷന്‍. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടുകയും സ്വമേധയ കേസെടുക്കുകയും ചെയ്തു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് യുവതി ചാടിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൂരാച്ചുണ്ട് പൊലീസ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ യുവതി ഐസിയുവിലാണ്.

Live Updates
19:58 (IST) 24 Mar 2023
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മധ്യപ്രദേശില്‍ ട്രെയിന്‍ തടഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കേരളത്തില്‍ രാഹുല്‍ എം പിയായ മണ്ഡലം ഉള്‍പ്പെടുന്ന വയനാട് ജില്ലയിലും വലിയ തോതിലുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കല്‍പ്പറ്റയിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും പൊലീസിന് പ്രതിഷേധകരെ നിയന്ത്രിക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ റോഡ് ഉപരോധിച്ചും പ്രതിഷേധം നടന്നു.

18:46 (IST) 24 Mar 2023
ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് പോരാടുന്നത്, എന്ത് വില കൊടുക്കാനും തയാറെന്ന് രാഹുല്‍ ഗാന്ധി

എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് അംഗത്വത്തില്‍ അയോഗ്യനാക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം രാഹുലിന്റെ പ്രതികരണം. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി പോരാടുന്നതിന് എന്ത് വിലയും കൊടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.Readmore

17:41 (IST) 24 Mar 2023
രാഹുലിന്റെ അയോഗ്യത: വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത ജനാധിപത്യത്തെ അപകടപ്പെടുത്തുന്നു: പിണറായി വിജയന്‍

ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ചചെയ്യുന്ന ഫാസിസ്റ്റ് രീതിയാണിതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. Readmore

17:02 (IST) 24 Mar 2023
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: നിശബ്ദരാകില്ലെന്ന് കോണ്‍ഗ്രസ്, ബിജെപി പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നുവെന്ന് മമത

അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. രാജ്യത്തെ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ പാര്‍ട്ടി ജയിലില്‍ പോകുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കം നമ്മുടെ ജനാധിപത്യത്തിന് ദോഷമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു.

രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ വഴികളും ഉപയോഗിച്ചു. സത്യം പറയുന്നവരെ നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ജെപിസിക്കായുള്ള ഞങ്ങളുടെ ആവശ്യം ഞങ്ങള്‍ തുടരും. ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ജയിലില്‍ പോകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റിന് പുറത്ത് പറഞ്ഞു.Readmore

14:53 (IST) 24 Mar 2023
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചു.2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. Readmore

14:27 (IST) 24 Mar 2023
കോവിഡില്‍ ജയില്‍ മോചിതരായ തടുകാരോട് 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോവിഡ് മഹാമാരിയുടെ സമയത്ത് ജയില്‍ മോചിതരായ എല്ലാ കുറ്റവാളികളോടും വിചാരണത്തടവുകാരോടും 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടിയന്തര ജാമ്യത്തില്‍ പുറത്തിറങ്ങിയ വിചാരണ തടവുകാര്‍ക്ക് കീഴടങ്ങിയ് ശേഷം കോടതികള്‍ക്ക് മുമ്പാകെ പതിവ് ജാമ്യത്തിനായി നീങ്ങാമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിട്ടയച്ച എല്ലാ കുറ്റവാളികള്‍ക്കും കീഴടങ്ങിയതിന് ശേഷം ശിക്ഷാകാലാവധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതികളെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. നിരവധി കുറ്റവാളികളും വിചാരണത്തടവുകാരും, ഭൂരിഭാഗവും ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷ നേരിടുന്നവരുമാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ടത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ കുറ്റവാളികളെ മോചിതരാക്കിയത്.

12:59 (IST) 24 Mar 2023
ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലാണ് ഉത്തരവ്. ഗവര്‍ണര്‍ നടപടിക്രമം പാലിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. നോട്ടീസ് നല്‍കാതെയാണ് നടപടിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഗവര്‍ണറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. വിസി നിയമനത്തിനുളള സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ തീരുമാനിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ അംഗങ്ങള്‍ പങ്കെടുത്തില്ല. പ്രീതി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

12:24 (IST) 24 Mar 2023
സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യരുത്: കപില്‍ ദേവ്

സൂര്യകുമാര്‍ യാദവിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുതെന്ന് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. സഞ്ജു മോശം ഫോമിലൂടെ കടന്ന് പോകുമ്പോള്‍ മറ്റൊരാളെക്കുറിച്ച് സംസാരിക്കുമൊ എന്നും കപില്‍ ചോദിച്ചു.

“നന്നായി കളിച്ച താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. സഞ്ജു മോശം ഫോമിലായാല്‍ നിങ്ങള്‍ മറ്റൊരാളെക്കുറിച്ച് സംസാരിക്കും,” കപില്‍ ദേവ് എബിപി ന്യൂസിനോട് പറഞ്ഞു.

11:31 (IST) 24 Mar 2023
രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ ശിക്ഷാവിധി: രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ഉത്തരവില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കണ്ട് കോടതി ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോടതി വിധിയെത്തുടർന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഉത്തരവിനോടൊപ്പം പരാതി വന്നാൽ, നിയമ വിദഗ്ധർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് സ്പീക്കറുടെ ഓഫീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിക്കവെ വ്യക്തമാക്കിയത്.

09:53 (IST) 24 Mar 2023
റഷ്യന്‍ യുവതിക്ക് പരുക്കേറ്റ സംഭവത്തില്‍ വനിത കമ്മിഷന്‍ ഇടപെടല്‍

കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ ഇടപെട്ട് വനിത കമ്മിഷന്‍. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടുകയും സ്വമേധയ കേസെടുക്കുകയും ചെയ്തു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് യുവതി ചാടിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൂരാച്ചുണ്ട് പൊലീസ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ യുവതി ഐസിയുവിലാണ്.

Web Title: Malayalam news live updates march 24