scorecardresearch

Malayalam News Highlights: രാജ പാർട്ടിയിലെത്തിയിട്ട് 10 വർഷം മാത്രം, സ്ഥാനാർഥി നിർണയത്തിൽ കുറച്ചുകൂടി ജാഗ്രത കാട്ടണമായിരുന്നു: എസ്.രാജേന്ദ്രൻ

Malayalam News Live Updates: ഞാൻ നിർദ്ദേശിച്ച ആളല്ല രാജ. ആ പേര് നിർദേശിച്ച ആൾ കുറച്ചുകൂടി പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു

s rajendran, kerala, ie malayalam

Malayalam News Highlights: തിരുവനന്തപുരം: എ.രാജയെ സ്ഥാനാർത്ഥിയായി നിർണയിച്ച വേളയിൽ സിപിഎം കുറച്ച് കൂടി പരിശോധന നടത്തേണ്ടിയിരുന്നുവെന്ന് മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. രാജ പാർട്ടിയിലെത്തിയിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂ. സ്ഥാനാർഥി നിർണയ വേളയിൽ കുറച്ചുകൂടി ജാഗ്രത പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നു. ഞാൻ നിർദ്ദേശിച്ച ആളല്ല രാജ. ആ പേര് നിർദേശിച്ച ആൾ കുറച്ചുകൂടി പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് പറയാൻ താനില്ലെന്നും രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചു.

Live Updates
21:30 (IST) 21 Mar 2023
മാസപ്പിറ കണ്ടില്ല; ഗള്‍ഫില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

ചൊവ്വാഴ്ച ഗള്‍ഫ് രാജ്യങ്ങളിലൊന്നും റമദാന്‍ മാസപ്പിറ കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്.

20:14 (IST) 21 Mar 2023
മാലിന്യ നീക്കവും സംസ്‌കരണവും നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി

സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്‌കരണവും നിരീക്ഷിക്കാന്‍ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി. കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സംസ്ഥാനത്തെയാകെ മാലിന്യ സംസ്‌കരണത്തില്‍ കോടതിയുടെ ഇടപെടല്‍.

18:30 (IST) 21 Mar 2023
പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍. 2022 സെപ്റ്റംബര്‍ 28ലെ കേന്ദ്ര തീരുമാനം ശരിവെച്ചുള്ള തീരുമാനം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള യുഎപിഎ ട്രൈബ്യൂണല്‍ ശരിവെക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ ഗ്രൂപ്പുകളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണങ്ങള്‍ തേടുന്നതിന് 2022 ഒക്ടോബറില്‍ ജസ്റ്റിസ് ശര്‍മ്മ ഉള്‍പ്പെട്ട ഒരു ട്രൈബ്യൂണല്‍ കേന്ദ്രം രൂപീകരിച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം നടപ്പിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. Readmore

17:19 (IST) 21 Mar 2023
മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടിസ് പുനസ്ഥാപിക്കണമെന്ന് സിബിഐ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുനഃസ്ഥാപിക്കാന്‍ ഇന്റര്‍പോള്‍ ഫയല്‍സ്‌ നിയന്ത്രണ കമ്മിഷനോട് (സിസിഎഫ്) ആവശ്യപ്പെട്ടതായി സിബിഐ പ്രസ്താവനയില്‍ അറിയിച്ചു. മെഹുല്‍ ചോക്‌സിയുടെ അപേക്ഷ അംഗീകരിച്ച് മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടിസ് ഇന്റര്‍പോള്‍ നീക്കിയിരുന്നു.

സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് 2018ല്‍ ഇന്റര്‍പോള്‍ ചോക്സിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്‌. ഇതിനെതിരായ മെഹുല്‍ ചോക്സിയുടെ അപ്പീലുകള്‍ 2020-ല്‍ തള്ളി. ഏകദേശം ഒരു വര്‍ഷത്തിനുശേഷം 2022-ല്‍, ഇന്റര്‍പോളിലെ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണത്തിലല്ലാത്തതും പ്രധാനമായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ ജോലി ചെയ്യുന്നതുമായ ഇന്റര്‍പോളിലെ ഒരു പ്രത്യേക സ്ഥാപനമായ സിസിഎഫിനെ സമീപിച്ചിരുന്നു. Readmore

15:54 (IST) 21 Mar 2023
ലൈഫ് മിഷൻ കോഴ: സന്തോഷ് ഈപ്പൻ 23 വരെ ഇ ഡി കസ്റ്റഡിയില്‍

ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ യുണീടാക് എംഡി സന്തോഷ് ഈപ്പനെ 23 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് സന്തോഷ് ഈപ്പൻ അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസില്‍ ശിവശങ്കറിന്റെ റിമാന്‍ഡ് രണ്ടാഴ്ച കൂടി നീട്ടി. ഏപ്രില്‍ വരെയാണ് കസ്റ്റഡി നീട്ടിയത്. ഇ ഡിയുടെ ഹര്‍ജിയിലാണ് പ്രത്യേക സാമ്പത്തിക കോടതിയുടെ ഉത്തരവ്. Readmore

15:00 (IST) 21 Mar 2023
ദേവികുളം എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ; സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം

ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എ.രാജയ്ക്ക് 10 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. ദേവികുളം എംഎല്‍എ എ രാജയുടെ വിജയം കഴിഞ്ഞദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ സുപ്രീംകോടതി അപ്പീല്‍ സ്വീകരിക്കും വരെ സ്റ്റേ അനുവദിച്ചത്. എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള എ രാജയുടെ അവകാശങ്ങള്‍ കോടതി തടഞ്ഞു. ഈ കാലയളവില്‍ എം എല്‍ എ എന്ന നിലയില്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാന്‍ പാടില്ല. വോട്ടവകാശവും ഉണ്ടാവില്ല. വ്യവസ്ഥയ്ക്ക് വിധേയമായി സ്റ്റേ അനുവദിച്ചു.Readmore

14:17 (IST) 21 Mar 2023
സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. സിപിഎം പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കണ്ണൂര്‍ സിറ്റി, റൂറല്‍ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴിയും രേഖപെടുത്തും.

14:17 (IST) 21 Mar 2023
മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നില്‍ തലകുനിക്കില്ല: വി.ഡി.സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന സര്‍ക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പതിറ്റാണ്ടുകളായുള്ള പ്രത്യേക അവകാശം കവര്‍ന്നെടുക്കാനും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനും വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയുമാണ് സര്‍ക്കാരിനെക്കൊണ്ട് ഈ തെറ്റ് ചെയ്യിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

12:44 (IST) 21 Mar 2023
മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു

മുതിർന്ന അഭിഭാഷകനും  അഡ്വക്കേറ്റ് ജനറലുമായിരുന്ന കെ.പി ദണ്ഡപാണി കൊച്ചിയിൽ അന്തരിച്ചു. 79 വയസായിരുന്നു.

12:44 (IST) 21 Mar 2023
അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് മരിച്ചു

അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്.

11:29 (IST) 21 Mar 2023
ലൈഫ് മിഷൻ കോഴ: സന്തോഷ് ഈപ്പനെ ഇന്നു പ്രത്യേക കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ യുണീടാക് എംഡി സന്തോഷ് ഈപ്പനെ ഇന്നു പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് സന്തോഷ് ഈപ്പൻ അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

11:29 (IST) 21 Mar 2023
വഞ്ചിയൂരില്‍ വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഹെൽമറ്റ് ധരിച്ചാണ് അക്രമി യാത്ര ചെയ്തിരിക്കുന്നത്. Read More

11:28 (IST) 21 Mar 2023
നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, അഞ്ച് എംഎൽഎമാരുടെ അനിശ്ചിതകാല സത്യഗ്രഹം

നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ സത്യാഗ്രഹമിരിക്കുന്നത്.

Web Title: Malayalam news live updates march