scorecardresearch
Latest News

Malayalam News Highlights: കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി

ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

veena george, cpm, ie malayalam

Malayalam News Highlights: തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങള്‍ പരിശോധിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

വിവിധ കമ്പനികളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളില്‍ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കുന്നതാണ്. കുപ്പി വെളളം വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വിതരണം നടത്തിയ 2 വാഹനങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കി. കടകളിലും മറ്റും കുപ്പി വെളളം വെയില്‍ ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിച്ച് വില്‍പന നടത്തേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷാ ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ കേരളത്തിലെത്തുന്ന അമിത് ഷാ വൈകിട്ട് മൂന്ന് മണിക്ക് തൃശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. തേക്കിന്‍കാട് മൈതാനത്ത് വച്ചാണ് പൊതുസമ്മേളനം.

Live Updates
21:30 (IST) 12 Mar 2023
‘ചിലര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിചാരണ ചെയ്യുന്നു,പൗരന്മാരെ അവഹേളിക്കുന്നു’; വിമര്‍ശനവുമായി നരേന്ദ്ര മോദി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിചാരണ ചെയ്യുകയും രാജ്യത്തെ പൗരന്മാരെ അവഹേളിക്കുകയും ചെയ്യുകയാണെന്ന് മോദി പറഞ്ഞു. ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മുടെ ചരിത്രത്തില്‍ നിന്നാണ്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. എന്നിട്ടും ചിലര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിചാരണ ചെയ്യുന്നു. ഇത്തരക്കാര്‍ കര്‍ണാടകയിലെ ജനങ്ങളെയും അതിന്റെ പാരമ്പര്യത്തെയും രാജ്യത്തെ 130 കോടി പൗരന്മാരെയും അവഹേളിക്കുകയാണെന്നും മോദി പറഞ്ഞു. Readmore

20:07 (IST) 12 Mar 2023
ബ്രഹ്മപുരം മാലിന്യ തീപിടിത്തം; ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സുധാകരന്‍ എം പി

ബ്രഹ്മപുരം തീപിടിത്തം തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്ന സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തെത്തുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് ഇതുവരെ നിര്‍ണ്ണയിക്കാനായിട്ടില്ല. മനുഷ്യന്റെ ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായാക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ബ്രഹ്മപുരം മാലിന്യ തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതാപരിശോധന സമിതിക്ക് കെപിസിസി രൂപം നല്‍കിയതായും കെ.സുധാകരന്‍ അറിയിച്ചു.

19:53 (IST) 12 Mar 2023
ത്രിപുരയില്‍ ഒന്നിച്ചത് കേരളത്തില്‍ തമ്മിലടിക്കുന്നവര്‍: അമിത് ഷാ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ബിജെപി കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കാനാകില്ലെന്നും അവര്‍ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. Readmore

18:55 (IST) 12 Mar 2023
കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’; പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി

സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങള്‍ പരിശോധിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

17:46 (IST) 12 Mar 2023
മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. കോട്ടയം മാന്നാനം ഷാപ്പുംപടിയിലാണ് സംഭവം. ഒരു മണിക്കൂറിനു മുകളില്‍ യുവാവ് ടവറിന്റെ മുകളില്‍ നിന്ന് ഭീഷണി മുഴക്കി. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.ല്‍ വൈകുന്നേരം നാലരയോടെ യുവാവിനെ താഴെയിറക്കിത്.

16:16 (IST) 12 Mar 2023
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധുത: ഹര്‍ജികളെ എതിര്‍ത്ത് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

രാജ്യത്തെ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത തേടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. വിവാഹം എന്ന സങ്കല്‍പ്പം അനിവാര്യമായതും ഒഴിവാക്കാനാകത്തതും എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയുമാണ്‌. ഈ നിര്‍വചനം സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും വിവാഹമെന്ന ആശയത്തിലും സങ്കല്‍പ്പത്തിലും വേരൂന്നിയതാണെും കേന്ദ്രം ഇത് സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പുരുഷനും സ്ത്രീയും അവരുടെ മക്കളും അടങ്ങിയതാണ് ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പം. ഭാര്യ, ഭര്‍ത്താവ്, അവരുടെ കുട്ടികള്‍ എന്ന നിലയിലുള്ള ഇന്ത്യന്‍ ആശയങ്ങളുമായി സ്വവര്‍ഗ വിവാഹം യോജിച്ചു പോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. Readmore

15:30 (IST) 12 Mar 2023
ബ്രഹ്മപുരത്തുള്ളത് ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല : എം വി ഗോവിന്ദന്‍

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബ്രഹ്മപുരത്തേത് ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല, പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയില്‍ മാലിന്യ സംസ്‌കരണം നടത്തും. ആക്ഷേപങ്ങള്‍ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

14:29 (IST) 12 Mar 2023
കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ട H3N2 വൈറസ് എന്താണ്? H3N2 വൈറസ് പടരുന്നത് എങ്ങനെ തടയാം?

ഇൻഫ്ലുവൻസ എ സബ്‌ടൈപ്പ് H3N2 വൈറസ് മൂലം ഇന്ത്യയിൽ കഴിഞ്ഞ ദിവസം രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കർണാടകയിലും ഹരിയാനയിലും ഓരോ മരണമാണ് സംഭവിച്ചതെന്ന്  സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തുടനീളം 90 ഓളം വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.

ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന തീവ്രമായ ചുമയും പനിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലും അടുത്ത കാലത്തുണ്ടായ വർധനവിനെ കുറിച്ച്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് എ സബ് ടൈപ്പ് H3N2 വൈറസുമായി ബന്ധപ്പെട്ട് അധികൃതരുടെ  പ്രസ്താവന പുറത്തുവന്നത്.

https://malayalam.indianexpress.com/explained/what-is-this-h3n2-virus-and-how-can-it-be-prevented-from-spreading-explained-765649/

13:05 (IST) 12 Mar 2023
IND vs AUS 4th Test Day 4: വിരാട് കോഹ്ലിക്ക് 28-ാം ടെസ്റ്റ് സെഞ്ചുറി; 400 കടന്ന് ഇന്ത്യ

ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ വിരാട് കോഹ്ലിക്ക് സെഞ്ചുറി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി മൂന്നക്കം കടക്കുന്നത്. ടെസ്റ്റ് കരിയറിലെ 28-ാം സെഞ്ചുറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലിയുടെ സെഞ്ചുറി നേട്ടം 75 ആയി.

11:50 (IST) 12 Mar 2023
IND vs AUS 4th Test Day 4: സെഞ്ചുറിക്കരികെ കോഹ്ലി; ഒന്നാം സെഷനില്‍ ഇന്ത്യക്ക് മുന്‍തൂക്കം

ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. നാലാം ദിവസം ഉച്ചയൂണിന് പിരിയുമ്പോള്‍ ഇന്ത്യ 362-4 എന്ന നിലയിലാണ്. ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് ആതിഥേയര്‍ നേടിയത്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് ഇനി 118 റണ്‍സാണ് ആവശ്യം. മൂന്ന് വര്‍ഷത്തിന് ശേഷം ടെസ്റ്റ് സെഞ്ചുറി നേടാനുള്ള സുവര്‍ണാവസരം വിരാട് കോഹ്ലിക്ക് ഒരുങ്ങിയിരിക്കുകയാണ്. 88 റണ്‍സെടുത്ത കോഹ്ലി പുറത്താകാതെ നില്‍ക്കുകയാണ്. 25 റണ്‍സുമായി ശ്രീകര്‍ ഭരതാണ് കോഹ്ലിക്ക് കൂട്ട്.

11:36 (IST) 12 Mar 2023
യുദ്ധമേഖലകളിലെ സൗഹൃദ സൈന്യത്തെ തിരിച്ചറിയാന്‍ ‘വായുലിങ്ക്’ സംവിധാനവുമായി ഐഎഎഎഫ്

യുദ്ധമേഖലകളില്‍ സൗഹൃദ സേനകളെ തിരിച്ചറിയുന്നതിനായി രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തികളില്‍ സ്വദേശിയമായി തയാറാക്കിയ ‘വായുലിങ്ക്’ സംവിധാനം അവതരിപ്പിക്കാന്‍ സായുധ സേനകള്‍ ഒരുങ്ങുന്നു. സങ്കീര്‍ണമായ യുദ്ധ സാഹചര്യങ്ങളില്‍ സൈനീക നീക്കത്തിന് മികച്ച ഏകോപനം നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

10:37 (IST) 12 Mar 2023
ബ്രഹ്മപുരത്തെ തീയണയ്ക്കല്‍: ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റുമായി ചര്‍ച്ച ചെയ്ത് ജില്ലാ ഭരണകൂടം

ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ സാഹചര്യം ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ചര്‍ച്ച് ചെയ്ത് ജില്ലാ ഭരണകൂടം. പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ജോര്‍ജ് ഹീലി നിർദേശിച്ചു.

09:37 (IST) 12 Mar 2023
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷാ ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ കേരളത്തിലെത്തുന്ന അമിത് ഷാ വൈകിട്ട് മൂന്ന് മണിക്ക് തൃശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. തേക്കിന്‍കാട് മൈതാനത്ത് വച്ചാണ് പൊതുസമ്മേളനം.

Web Title: Malayalam news live updates march 12

Best of Express