scorecardresearch
Latest News

Malayalam News Highlights: എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്

Sivasankar, ie malayalam, Life Mission Scam
M.Sivashankar,Life Mission Corruption Case

Malayalam News Highlights: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ബ്രഹ്മപുരത്ത് 2019 ലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം അട്ടിമറിച്ചെന്ന് സൗമിനി ജെയിന്‍

ബ്രഹ്മപുരത്ത് 2019 ലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവുമായി മുൻ മേയർ. തീപിടിത്തതിന് മുമ്പ് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. ക്യാമറ കേബിള്‍ ലോറി തട്ടി പൊട്ടിയെന്നാണ് എനിക്ക് കിട്ടിയ മറുപടി. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു.

Live Updates
22:08 (IST) 11 Mar 2023
WPL 2023, GG vs DC: ഷഫാലി ദി മോണ്‍സ്റ്റര്‍; ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അതിവേഗജയം

വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്നാം ജയം. ഗുജറാത്ത് ജയന്റ്സ് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം 77 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഡല്‍ഹി മറികടന്നത്. 28 പന്തില്‍ 76 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.

21:13 (IST) 11 Mar 2023
ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതല്‍ വീടുകളിലെത്തി ആരോഗ്യ സര്‍വെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

തീപിടിത്തത്തിന്റേയും കടുത്ത പുകയുടേയും പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വെ നടത്താന്‍ തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വെ നടത്തുമെന്ന് വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരിക്കും.

20:49 (IST) 11 Mar 2023
ബ്രഹ്മപുരത്ത് പുകയണയ്ക്കല്‍ അവസാന ഘട്ടത്തില്‍; ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ രീതിയെന്ന് വിദഗ്ദ സമിതി

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്ന് കണ്ടെത്തി.

തീയും പുകയും പൂർണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു.പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.

19:38 (IST) 11 Mar 2023
എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

19:16 (IST) 11 Mar 2023
‘കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി ചൂഷണം ചെയ്തു’; വെളിപ്പെടുത്തലുമായി ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി

പിതാവിനെതിരെ ലൈംഗിക ആരോപണവുമായി ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാള്‍. കുട്ടിയായിരുന്നപ്പോള്‍ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് സ്വാതി മലിവാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി വനിത കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുരസ്കാര ദാനച്ചടങ്ങിലാണ് തുറന്നു പറച്ചില്‍. പിതാവിനെ ഭയന്ന് കട്ടിലിനിടയില്‍ ഒളിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

https://malayalam.indianexpress.com/news/sexually-abused-by-my-father-reveals-dcw-chief-swati-maliwal-765505/

17:16 (IST) 11 Mar 2023
IND vs AUS 4th Test Day 3: ഓസ്ട്രേലിയക്ക് ഗില്‍ പഞ്ച്; അഹമ്മദാബാദില്‍ ഇന്ത്യയുടെ തിരിച്ചുവരവ്

ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ശക്തമായ തിരിച്ചു വരവുമായി ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 289-3 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ (128) ശുഭ്മാന്‍ ഗില്ലാണ് ആതിഥേയരുടെ ഇന്നിങ്സിന് അടിത്തറ പാകിയത്.

15:54 (IST) 11 Mar 2023
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേരുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരുക്ക്

കോന്നി കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മറ്റൊരു കാറിനെ മറികടന്ന് വന്ന ബസ് എതിര്‍ ദിശയില്‍ വന്ന കാറുമായാണ് ഇടിച്ചത്. കാറുമായി ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ല.

https://malayalam.indianexpress.com/kerala-news/bus-accident-at-konni-many-injured-765416/

12:54 (IST) 11 Mar 2023
പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും, സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ല: കെ.മുരളീധരൻ

പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നത് വിലക്കി കൊണ്ടുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ല. സേവനം ആവശ്യമില്ലെന്ന് പാർട്ടി പറഞ്ഞാൽ പ്രവ‍ർത്തനം നിർത്തുമെന്നും മുരളീധരൻ പറഞ്ഞു. Read More

11:25 (IST) 11 Mar 2023
സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന

സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്.

11:23 (IST) 11 Mar 2023
തൃശൂർ സദാചാര കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ അറസ്റ്റിൽ

തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല.

Web Title: Malayalam news live updates march 11