scorecardresearch
Latest News

Malayalam News Highlights: ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി

വിചാരണ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു

M Sivasankar, Life Mission Bribery Case
Former principal Secretary of the Chief Minister, M Sivashankar: Photo | Nithin Krishnan

Malayalam News Highlights: ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജിയെ പരിഗണിക്കൂവെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ശിവശങ്കറിന്റെ ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും തിങ്കളാഴ്ച മറ്റൊരു ബഞ്ച് ഹര്‍ജി പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

തൃശ്ശൂര്‍ വടക്കഞ്ചേരിയിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കമ്മിഷനായി വാങ്ങി നാലരക്കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ശിവശങ്കറിനെതിരായ കേസ്. വിചാരണ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

Live Updates
21:07 (IST) 10 Mar 2023
പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം: കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കി

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.

19:54 (IST) 10 Mar 2023
എച്ച്3 എന്‍2: വൈറസിനെതിരെ നിരീക്ഷണ ശൃംഖല ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച് 3 എന്‍2 ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രം. രോഗാവസ്ഥയും മരണനിരക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി) ശൃംഖല വഴി സ്ഥിതി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുട്ടികള്‍, പ്രായമായവര്‍, സമാനരോഗങ്ങളുള്ള ആളുകള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. എച്ച് 3 എന്‍ 2 ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.Readmore

18:43 (IST) 10 Mar 2023
ഡല്‍ഹി മദ്യനയ കേസ്: മനീഷ് സിസോദിയയെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍

ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്ത സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ ഹാജരാക്കണം. സിബിഐ കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 21ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. Readmore

17:25 (IST) 10 Mar 2023
ബ്രഹ്മപുരം തീപിടിത്തം: സ്ഥിതി നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. കളക്ടര്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍,കെല്‍സ സെക്രട്ടറി ശുചിത്വ മിഷന്‍ ഡയറക്ടര്‍,തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. സമിതി ബ്രഹ്മപുരം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. സമിതി ബ്രഹ്മപുരത്തെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നാശനഷ്ടവും വിലയിരുത്തിയാവണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. തീ പൂര്‍ണമായും അണച്ചെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി ഓണ്‍ലൈനായി കാണണമെന്ന് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. Readmore

16:39 (IST) 10 Mar 2023
ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യസര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

കൊച്ചി: മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് ആരോഗ്യസര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വീടുകളില്‍ എത്തി ആരോഗ്യവകുപ്പ് സര്‍വേ നടത്തും. ബുദ്ധിമുട്ടുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒോറന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. വിഷപ്പുക മൂലം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നത്. ആര്‍ക്കെങ്കിലും ഇതേതുടര്‍ന്ന് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണണം. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

14:57 (IST) 10 Mar 2023
എച്ച്3എന്‍2 വൈറസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം കര്‍ണാടകയില്‍

ഹസ്സന്‍: എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് രാജ്യത്ത് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ആളൂര്‍ താലൂക്കിലെ 82 കാരനായ ഹിരേ ഗൗഡ മാര്‍ച്ച് 1 ന് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹിരേ ഗൗഡയെ ഫെബ്രുവരി 24 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാര്‍ച്ച് 1 ന് മരിക്കുകയും ചെയ്തതായാണ് അധികൃതര്‍ അറിയിച്ചത്.. എച്ച് 3 എന്‍ 2 മൂലമുണ്ടാകുന്ന അണുബാധ സ്ഥിരീകരിക്കുന്ന ലാബ് റിപ്പോര്‍ട്ടുകള്‍ ഹിരേ ഗൗഡയുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 3 നാണ് ലഭിച്ചത്. Readmore

13:15 (IST) 10 Mar 2023
ചുട്ടു പൊള്ളി സംസ്ഥാനം; പല ജില്ലകളിലും ഹീറ്റ് ഇന്‍ഡക്സ് 54 ഡിഗ്രി സെല്‍ഷ്യസ്

മാസങ്ങള്‍ക്ക് മുന്‍പ് ശക്തമായ മഴയോടും പ്രകൃതി ദുരന്തങ്ങളോടും മല്ലിട്ട കേരളമിന്ന് കടുത്ത ചൂടില്‍ പൊള്ളുകയാണ്. ഓരോ ദിവസവും സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ ചില മേഖലകളില്‍ ഹീറ്റ് ഇന്‍ഡക്സ് 54 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://malayalam.indianexpress.com/kerala-news/parts-of-kerala-experience-heat-index-above-54-degree-celsius-764617/

12:19 (IST) 10 Mar 2023
‘തിരക്കഥ തയാറാക്കുമ്പോള്‍ കെട്ടുറപ്പ് വേണം, വിജേഷിനെ അറിയില്ല’; ആരോപണങ്ങള്‍ തള്ളി ഗോവിന്ദന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. “സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. നിയമപരമായി തന്നെ നേരിടും. സ്വപ്നയില്‍ നിന്ന് ഒന്നും പുറത്ത് വരാനില്ല, അത്തരം ഭീഷണികള്‍ വേണ്ട. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണ്,” എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

11:12 (IST) 10 Mar 2023
ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജിയെ പരിഗണിക്കൂവെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ശിവശങ്കറിന്റെ ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും തിങ്കളാഴ്ച മറ്റൊരു ബഞ്ച് ഹര്‍ജി പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

Web Title: Malayalam news live updates march 10