scorecardresearch

Malayalam News Highlights: തൃശൂരില്‍ അച്ഛനും രണ്ടര വയസുകാരന്‍ മകനും മരിച്ചനിലയില്‍

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്

crime, ie malayalam

Malayalam News Highlights:തൃശൂര്‍: ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയ്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലാണ് കണ്ടെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്. ഗര്‍ഫില്‍ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതും ബിനോയ്യെ ഏറെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Live Updates
21:33 (IST) 8 Mar 2023
എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. മാർച്ച് 29-നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

21:13 (IST) 8 Mar 2023
WPL 2023, GG vs RCB: ഡങ്ക്ലിയുടെ വെടിക്കെട്ട്, ഹര്‍ളീന്റെ ക്ലാസ്; ബാംഗ്ലൂരിനെതിരെ ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍

വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ലുപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ജയന്റ്സിന് കൂറ്റന്‍ സ്കോര്‍. ഹര്‍ളീന്‍ ഡിയോള്‍ (67), സോഫിയ ഡങ്ക്ലി എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്.

20:16 (IST) 8 Mar 2023
‘പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനി ബ്രഹ്മപുരത്തേക്കില്ല’; ഹൈക്കോടതി ശകാരത്തിന് പിന്നാലെ അടിയന്തര നടപടികളുമായി സര്‍ക്കാര്‍

തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ ഇനി അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര യോഗത്തിലാണ് പുതിയ തീരുമാനം. ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യ സംസ്ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോ‍ഡ് സൗകര്യം ഉറപ്പാക്കും.

https://malayalam.indianexpress.com/kerala-news/brahmapuram-waste-plant-fire-decisions-taken-to-reduce-fire-by-govt-763699/

19:24 (IST) 8 Mar 2023
ബ്രഹ്മപുരം തീപിടിത്തം: പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ആരോഗ്യ സുരക്ഷയെ മുന്‍ നിര്‍ത്തി വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി നല്‍കിയിരിക്കുന്നത്.

വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുന്‍സിപ്പാലിറ്റികള്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

18:46 (IST) 8 Mar 2023
മുഖ്യമന്ത്രി അധപതിച്ചെന്ന് സുധാകരന്‍

എല്ലാ തലങ്ങളിലും അധപതിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ. മുഖ്യമന്ത്രി കൊള്ള നടത്തുന്നു, എന്നിട്ടും തല ഉയർത്തി പിടിച്ച് നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ഇടത് പക്ഷത്തിൽ നിന്ന് പോലും അഭിപ്രായ ഭിന്നത ഉയരുന്നുണ്ട്. തദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17:10 (IST) 8 Mar 2023
‘മാലിന്യമില്ലാത്ത അന്തരീക്ഷം ജനത്തിന്റെ അവകാശം’; ബ്രഹ്മപുരത്ത് ശ്വാശത പരിഹാരം വേണമെന്ന് ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം ജനത്തിന്റെ അവകാശമാണെന്ന് ഹൈക്കോടതി. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നുണ്ട്. കൊച്ചിയിലെ വിഷപ്പുക പ്രശ്‌നത്തില്‍ കേസെടുത്തത് പൗരന്മാരുടെ അവകാശസംരക്ഷകരെന്ന നിലയിലാണന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം. ജസ്റ്റിസുമാരായ എസ് വി ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. കൊച്ചിയിലെ മാലിന്യശ്നത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി നിർദേശിച്ചു.

https://malayalam.indianexpress.com/kerala-news/pollution-free-environment-is-peoples-right-kerala-hc-763554/

16:48 (IST) 8 Mar 2023
ആലപ്പുഴയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി

ആലപ്പുഴ കുറത്തികാട് മകൻ അമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭരണിക്കാവ് സ്വദേശി രമയാണ് മരിച്ചത്. 55 വയസായിരുന്നു. മകൻ നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരുന്നു സംഭവം.

16:38 (IST) 8 Mar 2023
WPL 2023, GG vs RCB: ആദ്യ ജയം തേടി ബാംഗ്ലൂരും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍

വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ലുപിഎല്‍) ഇന്ന് ഗുജറാത്ത് ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. രാത്രി എട്ട് മണിക്ക് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

15:42 (IST) 8 Mar 2023
മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക.

ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്.

അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.

14:18 (IST) 8 Mar 2023
ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്ന് വി ഡി സതീശന്‍

ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാപകമായ അഴിമതിയാണ് ബ്രഹ്മപുരത്ത് നടന്നിരിക്കുന്നത്. അതില്‍ പങ്കാളികളായവരെയെല്ലാം പുറത്ത് കൊണ്ടുവരണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ അതിനായി കേന്ദ്രത്തിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം തീയതി വൈകിട്ട് തീ പിടിച്ചിട്ടും ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്. പുക ശ്വസിച്ച് ജനം ശ്വാസം മുട്ടിയിട്ടും ലാഘവത്തോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരുന്നാല്‍ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

13:33 (IST) 8 Mar 2023
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണണെന്ന് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ഏഷ്യാനെറ്റ് മാനേജ്മെന്റ് നല്‍കിയ പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ആവശ്യപ്പെടുന്ന സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൊച്ചിയിലെ ഓഫിസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എന്‍ നഗരേഷിന്റേതാണ് ഉത്തരവ്

13:07 (IST) 8 Mar 2023
എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി നിയമിച്ചത്. എന്‍.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് രേണുരാജിനെ മാറ്റുന്നത്. Readmore

11:53 (IST) 8 Mar 2023
പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

10:47 (IST) 8 Mar 2023
പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകട കാരണം അലക്ഷ്യമായ പറക്കലെന്ന് എഫ്ഐആര്‍

വര്‍ക്കലയില്‍ പാരാഗ്ലൈഡിംഗിനിടെയുള്ള അപകട കാരണം പരിശീലകന്റെ അലക്ഷ്യമായ പറക്കല്‍ എന്ന് എഫ്ഐആര്‍. ഗ്ലൈഡിങ് തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടമായി. അപകട സൂചന തിരിച്ചറിഞ്ഞ് അടിയന്തരമായി താഴെയിറക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിനിയായ പവിത്ര ആവശ്യപ്പെട്ടിട്ടും പരിശീലകന്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് തയ്യാറായില്ലെന്നും എഫ്ഐആറില്‍ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിശീലകന്‍ സന്ദീപിന് പുറമേ കമ്പനിയുടെ ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വ്വമല്ലാത്ത കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

10:18 (IST) 8 Mar 2023
ഡല്‍ഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഇ ഡി നോട്ടിസ്

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ. കവിതയെ ഇ ഡി ചോദ്യം ചെയ്യും. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഹാജരാകാനാണ് ഇ ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. Readmore

09:02 (IST) 8 Mar 2023
അച്ഛനും രണ്ടര വയസുകാരന്‍ മകനും മരിച്ചനിലയില്‍, കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍

ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയ്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലാണ് കണ്ടെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്.

Web Title: Malayalam news live updates march 08

Best of Express