scorecardresearch

Malayalam News Highlights: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ഇ പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി ഡി സതീശന്‍

താന്‍ മുഖ്യമന്ത്രിയെപ്പോലെ പൊലീസിന്റെ സുരക്ഷിതത്വത്തില്‍ ഓടിയൊളിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

VD Satheeshan, KT Jaleel, Lokayuktha

Malayalam News Highlights: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യുഡിഎഫ് പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്നെയും തടയുമെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയെപ്പോലെ പൊലീസിന്റെ സുരക്ഷിതത്വത്തില്‍ ഓടിയൊളിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെയുള്ള യു ഡി എഫ് പ്രതിഷേധം തുടരും. വേണമെങ്കില്‍ തടയാം. ഒരു പൊലീസിന്റെയും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കേസ്: സി എം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫിസില്‍ ഹാജരായി. കൊച്ചിയിലെ ഓഫിസിലാണ് ഹാജരായത്. ഫെബ്രുവരി 27-ന് ഹാജരാകാനായിരുന്നു രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. അഴിമതി സംബന്ധിച്ച് രവീന്ദ്രന് അറിവുണ്ടോയെന്ന് ഇ ഡി പരിശോധിക്കും.

Live Updates
20:42 (IST) 7 Mar 2023
ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം: 14 പേര്‍ മരിച്ചു, നൂറിലധികം, പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഏഴ് നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയംവൈകുന്നേരം 4:50 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് നിരവധി അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയതായി ഫയര്‍ സര്‍വീസ് കണ്‍ട്രോള്‍ റൂമിനെ ഉദ്ധരിച്ച് ബിഡിന്യൂസ്24 ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല. സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. Readmore

20:28 (IST) 7 Mar 2023
പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപ്പുഴയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

18:40 (IST) 7 Mar 2023
സദാചാര ആക്രമണം: പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ്

തൃശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്ര അറിയിച്ചു. അറസ്റ്റ് വൈകുന്നതില്‍ പൊലീസ് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.

18:21 (IST) 7 Mar 2023
സാങ്കേതിക സര്‍വകലാശാല: ഗവര്‍ണറുടെ നടപടിക്കെതിരെ സിന്‍ഡിക്കേറ്റ് ഹൈക്കോടതിയില്‍

സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങള്‍ താല്‍ക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമെന്നും സര്‍വകലാശാലാ സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും ഹര്‍ജിയില്‍ ആരോപിച്ചു.

17:45 (IST) 7 Mar 2023
പാരാഗ്ലൈഡിംഗിനിടെ അപകടം: കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയെയും ഇന്‍സ്ട്രക്ടറെയും രക്ഷപ്പെടുത്തി

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഇന്‍സ്ട്രക്ടറും സമീപത്തെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ഒന്നര മണിക്കൂര്‍ രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുവരെയും താഴെ ഇറക്കി. ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്.

15:55 (IST) 7 Mar 2023
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു

തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിന് നേരെ സദാചാര ആക്രമണമുണ്ടായത്. Readmore

14:46 (IST) 7 Mar 2023
ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മിതമാണോയെന്ന് ഹൈക്കോടതി; കോര്‍പ്പറേഷന് രൂക്ഷ വിമര്‍ശനം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോയെന്ന് ഹൈക്കോടതി. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് കോടതി നിലപാട്. നഗരസഭയ്ക്ക് ഒരു ഉത്തരവാദിത്തവുമില്ല, അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും ജൂണ്‍ ആറിന് മുന്‍പ് മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുമെന്നും കോടതി വ്യക്തമാക്കി.

കൊച്ചി കോര്‍പ്പറേഷനെതിരെ കോടതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും. 2016 മുതല്‍ നോട്ടീസ് നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബോര്‍ഡ് അറിയിച്ചു. ബോര്‍ഡ് അധ്യക്ഷന്‍ ഓണ്‍ലൈനായാണ് ഹാജരായത്. കൊച്ചി നഗരസഭ സെക്രട്ടറിയും ഹാജരായി. കൊച്ചിയില്‍ മലിനീകരണ തോത് കൂടുതലാണെന്ന് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

https://malayalam.indianexpress.com/kerala-news/brahmapuram-waste-plant-fire-air-force-to-spray-water-to-control-smoke-762337/

13:35 (IST) 7 Mar 2023
നടൻ ബാല ആശുപത്രിയിൽ

നടന്‍ ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖവും താരത്തിനുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബവും താരത്തിനൊപ്പം ആശുപത്രിയിലുണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.

12:25 (IST) 7 Mar 2023
എത്ര ദൂരത്തിനും 20 രൂപ; വനിത ദിനത്തില്‍ സ്ത്രീകള്‍ക്ക് സമ്മാനവുമായി കൊച്ചി മെട്രൊ

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടാം തീയതി സ്ത്രീകള്‍ക്ക് സമ്മാനവുമായി കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). മെട്രൊയുടെ ഏത് സ്റ്റേഷനില്‍ നിന്നും 20 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കും. കെഎംആര്‍എല്‍ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് സ്ത്രീകളെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉച്ചയ്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ആദരിക്കും. മെട്രൊ യാത്രക്കാരായ സ്ത്രീകൾക്കായി നാല് സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനും തീരുമാനമായി.

https://malayalam.indianexpress.com/kerala-news/international-womens-day-unlimited-ride-for-female-passengers-for-just-rs-20-in-kochi-metro-762355/

11:22 (IST) 7 Mar 2023
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ: കൊച്ചിയില്‍ ഗ്യാസ് ചേമ്പറിലെ അവസ്ഥയെന്ന് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നുയരുന്ന പുക മൂലം കൊച്ചി ഗ്യാസ് ചേമ്പറിന് സമാനമായെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഉച്ച തിരിഞ്ഞ് ഒന്നേ മുക്കാലിന് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഓരോ ദിവസവും നിര്‍ണായകമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

ഇന്നലെ ഹൈക്കോടതി സ്വമേധയ എടുത്ത കേസാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കോടതി നടപടി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

10:29 (IST) 7 Mar 2023
ലൈഫ് മിഷന്‍ കേസ്: സി എം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫിസില്‍ ഹാജരായി. കൊച്ചിയിലെ ഓഫിസിലാണ് ഹാജരായത്. ഫെബ്രുവരി 27-ന് ഹാജരാകാനായിരുന്നു രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. അഴിമതി സംബന്ധിച്ച് രവീന്ദ്രന് അറിവുണ്ടോയെന്ന് ഇ ഡി പരിശോധിക്കും.

Web Title: Malayalam news live updates march 07