Malayalam News Highlights: കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലെ പമ്പില്‍ എത്തിച്ച് തെളിവെടുത്തു. വൈകീട്ട് മൂന്നരയോടെയാണ് പ്രതിയെ ഷോര്‍ണൂരിലെത്തിച്ചത്. അതീവ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയതെന്നാണ് മൊഴി.
പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് അവരുടെയടക്കം മൊഴിയെടുക്കുകയും ജീവനക്കാരെ വിളിച്ചുവരുത്തി തിരിച്ചറിയല്‍ പരേഡുള്‍പ്പെടെ നടത്തുകയും ചെയ്തു. നാല് മണിവരെയായിരുന്നു പെട്രോള്‍ പമ്പിലെ തെളിവെടുപ്പ്. തുടര്‍ന്ന് പമ്പില്‍ നിന്നും പ്രതിയെ കേസിലെ മറ്റൊരു പ്രധാന കേന്ദ്രമായ റെയില്‍വേ സ്റ്റേഷനിലെത്തിച്ചും പൊലീസ് തെളിവെടുത്തു.
അരിക്കൊമ്പൻ പുനരധിവാസം എളുപ്പമല്ലെന്ന് വനം മന്ത്രി
അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. കോടതി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാധ്യത പരിശോധിക്കാൻ നിർദേശിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത്. സങ്കീർണതകൾ സുപ്രീം കോടതിയിൽ ധരിപ്പിക്കുയും സമയം നീട്ടി നൽകാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐപിഎല്ലില്‍ സണ്‍റൈസേഴസ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിന് 229 വിജയ ലക്ഷ്യം. ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ( 55 പന്തില്‍ നിന്ന് 100 റണ്‍സ്) മികവില്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലേക്കെത്തുകയായിരുന്നു. 12 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 228 റണ്‍സെടുത്തത്. Readmore
ലൈഫ്മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. അറസ്റ്റിനുശേഷം 59ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇഡിയുടെ നടപടി. Readmore
ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് ഡല്‍ഹി ഹയര്‍ ജുഡീഷ്യറിയിലെ മൂന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകള്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. ഏപ്രില്‍ 12 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ കൊളീജിയത്തിന്റേതാണ് ശിപാര്‍ശ. Readmore
സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് പരുക്ക്. തളിപ്പറമ്പ് തിരുവട്ടൂരിലാന് പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ അപകടമുണ്ടായത്. അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. അറാഫത്തിന്റെ മകന്‍ ആദില്‍, ബന്ധുവിന്റെ മകന്‍ ജെസ ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു അപകടം.
മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും പതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 236 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സജീവ കേസുകൾ 49,622 ആയി ഉയർന്നു. 29 മരണങ്ങളോടെ മരണസംഖ്യയും 5,31,064 ആയി.
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ പാലക്കാട് എത്തി. നിരവധി പേരാണ് വന്ദേ ഭാരത് ട്രെയിൻ കാണാനും ഫൊട്ടോ പകർത്താനുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ചെന്നൈ ഐസിഎഫിൽനിന്നുമാണ് വന്ദേഭാരത് പുറപ്പെട്ടത്. ഉച്ചയോടെ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ കൊച്ചുവേളിയിലെത്തും. 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിച്ചത്.