scorecardresearch

Malayalam News Highlights:പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് യുവതിയുടെ ആത്മഹത്യാ ഭീഷണി

പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരേ മുന്നിലുള്ള ആല്‍മരത്തിന് മുകളില്‍ കയറുകയായിരുന്നു.

Screenshot

Malayalam News Highlights: കൊച്ചി ആലുവയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെ അന്ന രാജു എന്ന ട്രാന്‍സ് ജെന്‍ഡര്‍ യുവതിയാണ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള ആല്‍മരത്തില്‍ കയറി നാല് മണിക്കൂറോളം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ താഴെയിറക്കിയത്.

ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ ആക്രമിച്ചെന്ന് കാണിച്ച് അന്ന രാജു നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരേ മുന്നിലുള്ള ആല്‍മരത്തിന് മുകളില്‍ കയറുകയായിരുന്നു.പ്രതികള്‍ക്കെതിരേ നടപടി എടുക്കാതെ താഴെയിറങ്ങില്ലെന്ന് പറഞ്ഞവയിരുന്നു ഭീഷണി. ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ക്കെതിരെ പരാതി പറഞ്ഞപ്പോള്‍ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നുമാണ് ആരോപണം.

Live Updates
21:19 (IST) 12 Apr 2023
ആർമി റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ

ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകൾക്കായി കരസേനയിലേയ്ക്കുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോൾജിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, മത അദ്ധ്യാപകർ, ആർമി മെഡിക്കൽ കോർപ്‌സിൽ ശിപായി ഫാർമ, ഹവിൽദാർ (സർവേയർ ഓട്ടോമാറ്റഡ് കാർട്ടോഗ്രാഫർ) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.

19:10 (IST) 12 Apr 2023
Hero Super Cup 2023: സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് വീണു; ശ്രീനിധി ഡെക്കാന് ഉജ്വല ജയം

ഹീറൊ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ശ്രീനിധി ഡെക്കാനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ശ്രീനിധി ഡെക്കാന്റെ ജയം. ഹസന്‍ റില്‍വാന്‍ (17), ഡേവിഡ് കാസ്റ്റനേഡ (44) എന്നിവരാണ് ശ്രീനിധി ‍ഡെക്കാനായി സ്കോര്‍ ചെയ്തത്.

18:07 (IST) 12 Apr 2023
പാലാരിവട്ടം പാലം അഴിമതി കേസ്: മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതി കേസിൽ കേസിൽ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. ഇ.ഡി അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്‌ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. ഈ സ്റ്റേയാണ് ഹൈക്കോടതി ഇപ്പോൾ നീക്കിയത്.

17:03 (IST) 12 Apr 2023
മന്ത്രി ആർ.ബിന്ദുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി തള്ളിയത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ലെന്ന ബിന്ദുവിന്റെ പ്രാരംഭ തടസ്സ വാദം ജസ്റ്റിസ് സോഫി തോമസ് ശരിവെച്ചു.

15:52 (IST) 12 Apr 2023
ഡ്രൈവിങ് സീറ്റില്‍ ഇരിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങള്‍ ഇനി അടിമുടി നിരീക്ഷണത്തിലാണ്

അമിതവേഗതയും അശ്രദ്ധയും കാരണം നിരത്തില്‍ പൊലിയുന്ന ജീവന്റെ എണ്ണം ഓരോ ദിനവും സംസ്ഥാനത്ത് ഉയരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക.

https://malayalam.indianexpress.com/kerala-news/cabinet-approves-safe-kerala-project-to-reduce-road-accidents-and-violations-789021/

14:58 (IST) 12 Apr 2023
സ്വപ്ന സുരേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. സ്വപ്ന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസിന്റെ ഉത്തരവ്.

അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന്‍ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. 10 ദിവസത്തിനുള്ളില്‍ ഒരു കോടി രൂപ മാനനഷ്ടമായി നല്‍കുകയും 2 പ്രധാന മലയാള പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തനിക്ക് എം.വി.ഗോവിന്ദനെ അറിയില്ലെന്നും മാനനഷ്ടക്കേസ് നല്‍കിയത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് സ്വപ്ന മറുപടി നല്‍കിയത്.

14:07 (IST) 12 Apr 2023
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ഹര്‍ജി മാറ്റി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നാളെ ഹാജരാകണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. പെന്‍ഷന്‍ കുടിശ്ശിക ഇന്നേയ്ക്കകം നല്‍കിയില്ലെങ്കില്‍ രണ്ടുപേരോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.എന്നാൽ ചീഫ് സെക്രട്ടറി ഹാജരായില്ല, ഗതാഗത സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി. മന്ത്രിസഭാ യോഗമുള്ളതിനാലാണ് ചീഫ് സെക്രട്ടറിഹാജരാകാതിരുന്നതെന്നായിരുന്നു വിശദീകരണം.വിരമിച്ച ജീവനക്കാരുടെ പെൻഷൻ എല്ലാ മാസവും നൽകാൻ കോടതി നിർദേശിച്ചിരുന്നു. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനക്കാർ നൽകിയ കോടതിയലക്ഷ്യക്കേസാണ് കോടതി പരിഗണിച്ചത്

14:06 (IST) 12 Apr 2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം: പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള കേസില്‍ പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത തള്ളി. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുന്നതല്ല. വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമാണ്. പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍. വിമര്‍ശനങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ശശികുമാറിനെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനമായിരുന്നു ലോകായുക്ത നടത്തിയത്. Readmore

13:41 (IST) 12 Apr 2023
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഹര്‍ജിക്കാരനെ ലോകായുക്ത തെരുവു നായയോട് ഉപമിച്ചത് അനൗചിത്യം: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള കേസിലെ ഭിന്നവിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കിയ ആര്‍.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഹര്‍ജിക്കാരനെ തെരുവു നായയോട് ഉപമിച്ച ലോകായുക്ത പരാമര്‍ശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Readmore

13:00 (IST) 12 Apr 2023
ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന്‍ രണ്ടു വയസ്സുകാരന്‍ വിഘ്‌നേശ്വര്‍ ആണ് മരിച്ചത്.

12:00 (IST) 12 Apr 2023
പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്; നാലുപേര്‍ മരിച്ചു, സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് സൈനികര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ സ്റ്റേഷന്‍ ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ സൈനിക കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി എച്ച്ക്യു സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു. Readmore

10:36 (IST) 12 Apr 2023
തലശ്ശേരിയില്‍ സ്ഫോടനം; യുവാവിന്റെ ഇരുകൈപ്പത്തിയും അറ്റു

തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്ഫോടനത്തെ തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. സ്ഫോടനത്തില്‍ വിഷ്ണു എന്നയാളുടെ ഇരുകൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

09:08 (IST) 12 Apr 2023
പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് യുവതിയുടെ ആത്മഹത്യാ ഭീഷണി

ആലുവയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെ അന്ന രാജു എന്ന ട്രാന്‍സ് ജെന്‍ഡര്‍ യുവതിയാണ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള ആല്‍മരത്തില്‍ കയറി നാല് മണിക്കൂറോളം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ താഴെയിറക്കിയത്.

ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ ആക്രമിച്ചെന്ന് കാണിച്ച് അന്ന രാജു നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരേ മുന്നിലുള്ള ആല്‍മരത്തിന് മുകളില്‍ കയറുകയായിരുന്നു.പ്രതികള്‍ക്കെതിരേ നടപടി എടുക്കാതെ താഴെയിറങ്ങില്ലെന്ന് പറഞ്ഞവയിരുന്നു ഭീഷണി. ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ക്കെതിരെ പരാതി പറഞ്ഞപ്പോള്‍ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നുമാണ് ആരോപണം.

Web Title: Malayalam news live updates april 12