Malayalam News Highlights: ആലപ്പുഴ: ആറന്മുളയില്‍ നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രസവത്തെ തുടര്‍ന്നുള്ള അമിതസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
നവജാത ശിശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നതായാണ് ആരോഗ്യമന്ത്രി അറിയിച്ചത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സിഡബ്ല്യുസിയുടെ നിര്‍ദേശ പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിനാറാം സീസണിലെ എട്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ (86*) പ്രഭ്‌സിമ്രാൻ സിങ് (60) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 197 റണ്‍സെടുത്തു.
എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം കാർഡ്, ആധാര്‍, പാന്‍ കാര്‍ഡുകൾ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായുമാണ് ലഭിക്കുന്ന വിവരം. തുടരന്വേഷണത്തിനായി ഷാരൂഖിനെ കേരള എടിഎസിന് കൈമാറി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് നിലവില്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 27-ന് നടന്ന തെലങ്കാന സ്റ്റേറ്റ് പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ (ടി.എസ്.പി.എസ്.സി) പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ കഴിഞ്ഞ മാസമാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. ടി.എസ്.പി.എസ്.സിയുടെ കീഴിലുള്ള രണ്ട് ജീവനക്കാര്‍ ചോദ്യപേപ്പര്‍ ഓഫിസ് കമ്പ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 10 ലക്ഷം രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയിരുന്നു.
സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.
വസ്തുതാപരമായ കാര്യങ്ങളില്ലാതെ പൊതു നിർദേശങ്ങൾ പുറപ്പെടുവിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പർദിവാലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതി നിലപാട് വ്യക്തമാക്കിയതോടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.
തിരുവനന്തപുരം: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസിൽ സാക്ഷികളെ വരെ സ്വാധീനിക്കാൻ ശ്രമമുണ്ടായത് ഗൗരവമായി കാണേണ്ടിയിരുന്നു. പൊലീസും സർക്കാരും പ്രതികൾക്കൊപ്പം നിൽക്കുകയായിരുന്നു. മധുവിന് നീതി കിട്ടിയില്ലെന്ന മധുവിന്റെ സഹോദരിയുടെ വാക്കുകൾ കേരളത്തിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമാണ്. മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാകില്ല. ബിജെപി മധുവിന്റെ കുടുംബത്തിനൊപ്പം നിൽക്കും. 2018ലെ കേസ് ഇത്രത്തോളം നീണ്ടു പോയത് സർക്കാരിന്റെ നിസംഗത കാരണമാണ്. ഒരു വർഷം ഈ കേസ് നോക്കാൻ ജഡ്ജി പോലുമുണ്ടായില്ല. സർക്കാർ ഫീസും സൗകര്യങ്ങളും കൊടുക്കാത്തതിനാൽ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും പിൻമാറിയത്. ഇപ്പോഴുള്ള പ്രോസിക്യൂട്ടർക്കും ഫീസും സൗകര്യങ്ങളും ഒരുക്കാതെ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും പാലക്കാട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷയെങ്കിലും പ്രതികൾക്ക് വാങ്ങി കൊടുത്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
എലത്തൂരില്‍ ടെയിനില്‍ തീവെയ്പിനിടെ മരിച്ച മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്
മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.Readmore
ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിപ്പിച്ചു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളത്. വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അരിക്കൊമ്പനെ പിടികൂടുന്നതും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പന്‍ മാത്രമല്ല ഭീഷണി. നിലവില്‍ നിരവധി കാട്ടാനകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വിഷയത്തില്‍ സമഗ്രമായ ചിത്രം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.Readmore
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്. ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസിലെ പതിനാറാം പ്രതി മുനീറിന് ഒഴികെ മറ്റ് പ്രതികള്‍ക്കാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. പതിനാറാം പ്രതിക്ക് മൂന്നു മാസം വെറും തടവോ 500 രൂപ പിഴയോ അടച്ചാല്‍ മതി. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽനിന്ന് മുക്തനാകാം. Readmore
രാജ്യത്ത് 4,435 പേര്‍ക്ക് പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 163 ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് നിരക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് 4,777 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ കേസുകള്‍ക്കൊപ്പം, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് -19 രോഗികളുടെ എണ്ണം 4.47 കോടിയായി (4,47,33,719) ഉയര്‍ന്നു. 15 മരണങ്ങളോടെ മരണസംഖ്യ 5,30,916 ആയി ഉയര്‍ന്നു, രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത ഡാറ്റ പ്രകാരമാണിത്. കോവിഡിനെ തുടര്‍ന്നുള്ള മരണങ്ങളില്‍മഹാരാഷ്ട്രയില്‍ നാലും ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. READMORE
ആറന്മുളയില്‍ നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രസവത്തെ തുടര്‍ന്നുള്ള അമിതസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
നവജാത ശിശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നതായാണ് ആരോഗ്യമന്ത്രി അറിയിച്ചത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സിഡബ്ല്യുസിയുടെ നിര്‍ദേശ പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.