ഇസ്‌ലാമാബാദ്: നൊബേല്‍ സമ്മാനജേതാവായ മലാല യൂസഫ്സായി ആറ് വര്‍ഷത്തിന് ശേഷം ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. താലിബാന്‍ ഭീകരരുടെ വെടിയേറ്റ ശേഷം ഇത് ആദ്യമായാണ് മലാല സ്വന്തം രാജ്യത്ത് എത്തുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയ മലാലയെ 2012ലാണ് ഭീകരര്‍ വെടിവച്ചത്. ഇന്ന് 20 വയസ് പ്രായമുളള മലാല സന്നദ്ധപ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുളള പ്രചാരണങ്ങളിലും സജീവമാണ്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

സുരക്ഷാ കാരണങ്ങളാൽ മലാലയുടെ പാക്കിസ്ഥാൻ സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മലാല പാക്കിസ്ഥാനിൽ തിരിച്ചെത്തിയാൽ വധിക്കുമെന്ന് താലിബാൻ നേരത്തെ ഭീഷണിയുയർത്തിയിരുന്നു. ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന മലാലയുടെ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മലാല ഫണ്ട് ഗ്രൂപ്പ് സംഘത്തോടൊപ്പം എത്തിയ മലാല നാല് ദിവസം പാക്കിസ്ഥാനില്‍ ഉണ്ടാകുമെന്നാണ് വിവരം.

പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാൻ ഭീകരർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ മലാല പിന്നീട് ലണ്ടനിൽ ചികിത്സ തേടുകയും ആരോഗ്യം വീണ്ടെടുക്കുകയുമായിരുന്നു. മലാല സ്വാത് സന്ദര്‍ശനം നടത്തുമോയെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ