ഇസ്‌ലാമാബാദ്: നൊബേല്‍ സമ്മാനജേതാവായ മലാല യൂസഫ്സായി ആറ് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലെ തന്റെ ജന്മനാട് സന്ദര്‍ശിക്കാനെത്തി. താലിബാന്‍ ഭീകരരുടെ വെടിയേറ്റ ശേഷം ഇത് ആദ്യമായാണ് മലാല സ്വന്തം ജന്മസ്ഥലത്ത് എത്തുന്നത്. വ്യാഴാഴ്ച്ച പാക്കിസ്ഥാനിലെത്തിയ മലാല ഹെലിക്കോപ്റ്റര്‍ മാര്‍ഗം സ്വാത് താഴ്‍വരയിലെ മിംഗോരയിലുളള പഴയ വീട്ടിലെത്തി. തന്റെ പഴയ സ്കൂളും മലാല സന്ദര്‍ശിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയ മലാലയെ 2012ലാണ് ഭീകരര്‍ വെടിവച്ചത്. ഇന്ന് 20 വയസ് പ്രായമുളള മലാല സന്നദ്ധപ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുളള പ്രചാരണങ്ങളിലും സജീവമാണ്.

സുരക്ഷാ കാരണങ്ങളാൽ മലാലയുടെ പാക്കിസ്ഥാൻ സന്ദര്‍ശനം അതീവ ജാഗ്രതയിലാണ് നടത്തുന്നത്. മലാല പാക്കിസ്ഥാനിൽ തിരിച്ചെത്തിയാൽ വധിക്കുമെന്ന് താലിബാൻ നേരത്തെ ഭീഷണിയുയർത്തിയിരുന്നു. ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന മലാലയുടെ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മലാല ഫണ്ട് ഗ്രൂപ്പ് സംഘത്തോടൊപ്പം എത്തിയ മലാല തിങ്കളാഴ്ച്ച ലണ്ടനിലേക്ക് തിരിക്കും.

പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാൻ ഭീകരർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ മലാല പിന്നീട് ലണ്ടനിൽ ചികിത്സ തേടുകയും ആരോഗ്യം വീണ്ടെടുക്കുകയുമായിരുന്നു. മലാല സ്വാത് സന്ദര്‍ശനം നടത്തുമോയെന്ന് വ്യക്തമല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ