ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഏഴു പതിറ്റാണ്ടായി തുടരുന്ന സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന് പാകിസ്ഥാൻ ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മലാല ഇക്കാര്യം പറഞ്ഞത്.

“എന്റെ കുട്ടിക്കാലം മുതൽ, എന്റെ മാതാപിതാക്കളുടെ കുട്ടിക്കാലം മുതൽ, അവരുടെ രക്ഷിതാക്കളുടെ കുട്ടിക്കാലം മുതൽ കശ്മീരിലെ ജനത സംഘർഷങ്ങൾക്കിടയിലാണ് ജീവിച്ച് പോരുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കശ്മീരിലെ കുഞ്ഞുങ്ങൾ വളർന്നുവരുന്നത് അക്രമങ്ങൾക്ക് നടുവിലാണ്. നമുക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും, നമ്മൾ എല്ലായ്പ്പോഴും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ഏഴ് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം,” മലാല ട്വിറ്ററിൽ കുറിച്ചു.

കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മലാല വ്യക്തമാക്കി.
“ഞാൻ കശ്മീരിനെ കുറിച്ച് ആശങ്കപ്പെടുന്നു. കാരണം ദക്ഷിണ ഏഷ്യ എന്റെ വീടാണ്. കശ്മീരികൾ ഉൾപ്പെടെ 180 കോടിയോളം ജനങ്ങൾക്കൊപ്പം ഞാൻ പങ്കിടുന്ന വീട്. എല്ലാ ദക്ഷിണ ഏഷ്യക്കാരും, അന്താരാഷ്ട്ര സമൂഹവും ബന്ധപ്പെട്ട അധികാരികളും അവരുടെ കഷ്ടപ്പാടുകളോട് വേണ്ടരീതിയിൽ പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” മലാല പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള ബിൽ ഇന്ത്യ പാസാക്കിയതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഇതിന് മറുപടിയായി പാകിസ്ഥാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള ബന്ധം തരംതാഴ്ത്തുകയും ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കുകയും ചെയ്തു.

കശ്‍മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും വിഷയം ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്ഥാന്‍റെ ദേശീയസ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനമായിരുന്നു.

പുൽവാമ പോലുള്ള ആക്രമണങ്ങൾ കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുടർന്ന് ഇനിയുമുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആശങ്ക പ്രകടിപ്പിച്ചു, ഇത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പരമ്പരാഗത യുദ്ധത്തിന് കാരണമാകും.

ഫെബ്രുവരിയിൽ ഇന്ത്യ ബാലകോട്ട് വ്യോമാക്രമണം നടത്തിയപ്പോൾ യൂസഫ്സായ് ഇന്തോ-പാക് ബന്ധത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാൻ കൈ കൊടുത്ത് “യഥാർത്ഥ നേതൃത്വം” കാണിക്കാൻ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ പ്രേരിപ്പിച്ചുകൊണ്ട് അവർ എഴുതി, “നിലവിലുള്ള യുദ്ധങ്ങൾ കാരണം ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ദുരിതമനുഭവിക്കുന്നു – ഞങ്ങൾക്ക് മറ്റൊരു യുദ്ധം ആവശ്യമില്ല. നിലവിൽ അപകടത്തിലായ എല്ലാവരേയും പരിപാലിക്കാൻ പോലും നമ്മുടെ ലോകത്തിന് കഴിയുന്നില്ല,” എന്നായിരുന്നു മലാലയുടെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook