കലാപത്തെ തുടര്‍ന്ന് 125,000ത്തോളം റൊഹീങ്ക്യന്‍ മുസ്ലിംങ്ങള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതോടെ നോബല്‍ സമ്മാന ജേതാവും മ്യാന്‍മര്‍ ദേശീയ കൗന്‍സിലറുമായ ആങ് സാന്‍ സൂകിക്ക് മേല്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദമേറുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നോബേല്‍ സമ്മാന ജേതാവിന്റെ മൗനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

മ്യാന്‍മറിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോനേഷ്യന്‍ വിദേശകാര്യ മന്ത്രി ആങ് സാന്‍ സൂകിയേയും മ്യാന്‍മര്‍ സൈനിക മേധാവിയേയും കണ്ടു. റോഹീങ്ക്യന്‍ മുസ്ലിംങ്ങളെ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ശബ്ദം ഉയര്‍ത്തണമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായി ആങ് സാന്‍ സൂകിയോട് ആവശ്യപ്പെട്ടു. സൂകിയുടെ വാക്കുകള്‍ക്കായി ലോകവും റൊഹീങ്ക്യരും കാത്തിരിക്കുകയാണെന്നും മലാല വ്യക്തമാക്കി.

ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷക്കാരായ റോഹീങ്ക്യന്‍ മുസ്ലിംങ്ങള്‍ ലോകത്ത് ഏറ്റവുമധികം ക്രൂരത നേരിടുന്ന വിഭാഗമാണ്. പലായനം ചെയ്ത റോഹിങ്ക്യകളെ കൂടാതെ മ്യാന്‍മറിലെ റാഖീന്‍ സംസ്ഥാനത്ത് അടക്കം ഇപ്പോഴും വെളളമോ ഭക്ഷണമോ ഇല്ലാതെ പലയിടത്തും റോഹീങ്ക്യകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബംഗ്ലാദേശിലേക്കുളള നാഫ് നദി കടക്കാന്‍ കഴിയാതെ മൗങ്ക്ദാവിലും റാത്തേദാങ്കിലും അഭയാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റോഹിങ്ക്യന്‍ സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
സിഎന്‍എന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങളില്‍ മലയിടുക്കുകളില്‍ ഭക്ഷണമോ വെളളമോ മരുന്നോ ഇല്ലാതെ കുടുങ്ങിയ അഭയാര്‍ത്ഥികളെ കാണാന്‍ കഴിയും.

മ്യാൻമറിൽ പൗരത്വം നിഷേധിക്കപ്പെട്ട അവസ്ഥയിൽ 11 ലക്ഷം റോഹിങ്ക്യ മുസ്ലിംകളാണുള്ളത്. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാൻമറിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളായ റോഹിങ്ക്യകൾക്ക് പൗരത്വം നൽകിയിട്ടില്ല. എന്നാല്‍ ഇവര്‍ മ്യാന്‍മര്‍ പൌരന്മാരാണെന്നാണ് ബംഗ്ലാദേശിന്റെ വാദം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പൊലീസ് പോസ്റ്റുകള്‍ക്കും സൈന്യത്തിനും നേരെ നടക്കുന്ന ആക്രമങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് മ്യാന്‍മറിന്റെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook