ന്യൂഡൽഹി: മലബാർ നാവിക അഭ്യാസത്തിന്റെ ആദ്യ ഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പങ്കാളികളാവുന്ന സംയുക്ത സൈനികാഭ്യാസം ഇത്തവണ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ബൃഹത്തായ തരത്തിലാണ് സംഘടിപ്പിക്കുന്നത്.
ഓസ്‌ട്രേലിയയുടെ പങ്കാളിത്തത്തോടെ ഈ വർഷത്തെ മലബാർ അഭ്യാസം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. ഇതോടെ ഇന്തോ-പസഫിക് മേഖലയിലെ നാല് പ്രധാന ജനാധിപത്യ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തിലെ എല്ലാ അംഗങ്ങളും മലബാർ നാവികാഭ്യാസത്തിൽ പങ്കാളികളായി.
“സമുദ്ര മേഖലയിലെ സുരക്ഷയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായാണ് മലബാർ 2020ൽ പങ്കെടുക്കുന്നവർ ഇടപെടുന്നത്. സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിനെ കൂട്ടായി പിന്തുണയ്ക്കുകയും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനായി പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു,” പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് -19 കണക്കിലെടുത്ത് ‘നോൺ-കോൺടാക്റ്റ് – അറ്റ് സീ’ ഫോർമാറ്റിലാണ് ഈ വർഷം അഭ്യാസം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ തമ്മിൽ യാതൊരു ബന്ധവുമുണ്ടാവില്ലെന്നാണ് ഇതിനർത്ഥം.
യുദ്ധ സിമുലേഷനുകളും പോരാട്ട തന്ത്രങ്ങളും ഉൾപ്പെടുന്ന ഒരു ബഹുമുഖ നാവിക പരിശീലനമാണ് മലബാർ നാവികാഭ്യാസം. 1992 ൽ ഇന്ത്യൻ, യുഎസ് നാവികസേനകളാണ് മലബാർ നാവികാഭ്യാസം ആരംഭിച്ചത്. 2015ൽ ജപ്പാൻ ഇതിന്റെ ഭാഗമായി.
ഈ വർഷം രണ്ട് ഘട്ടങ്ങളിലായാണ് അഭ്യാസം നടക്കുക. ആദ്യത്തേത് ചൊവ്വാഴ്ച മുതൽ വിശാഖപട്ടണത്തിനടുത്തുള്ള തീരത്താണ്. രണ്ടാമത്തേത് അറബിക്കടലിൽ നവംബർ പകുതിയോടെ നടക്കും.
മേഖലയിലെ പ്രധാന ശക്തിയായ ചൈനയുമായി നാല് രാജ്യങ്ങളുടെയും ബന്ധം മോശം നിലയിലെത്തിയ സമയത്താണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.
ചൈനയുമായി പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മോശമായ അതിർത്തി പ്രശ്നത്തിലാണ് ഇന്ത്യ. കോവിഡ് -19, സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളിൽ ചൈനയുമായുള്ള യുഎസിന്റെ ബന്ധം അടുത്തിടെ വഷളായിരുന്നു.
കൊറോണ വൈറസിനെക്കുറിച്ച് രാജ്യാന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ചൈനയുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം തകർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഓസ്‌ട്രേലിയൻ ബീഫ്, ബാർലി എന്നിവയ്ക്ക് ചൈന വ്യാപാര ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതേസമയം, കിഴക്കൻ ചൈനാക്കടലിലെ ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജപ്പാനും ചൈനയുമായി തർക്കവുമുണ്ട്.
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരമാവുന്ന തരത്തിലാവും ഈ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെന്നും മറിച്ചാവില്ലെന്നും പ്രതീക്ഷിക്കുന്നുവെന്ന് മലബാർ സൈനികാഭ്യാസത്തെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.