ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ ആദായ നികുതി റിട്ടേൺസിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്ന് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് ആധാര്‍ നിർബന്ധിതമാക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞു.

ഫിനാന്‍സ് ആക്ട് 2017ന്‍റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക നികുതി ആക്ടിൽ മാറ്റം ഏര്‍പ്പെടുത്തുകയാണ് എന്ന് ആരോപിച്ചുകൊണ്ട് മുൻ മന്ത്രി ബിനോയ്‌ വിശ്വം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് അശോക്‌ ഭൂഷനും ജസ്റ്റിസ് എ.കെ.സിക്രിയും അടങ്ങിയ ബെഞ്ചാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ ലംഘിക്കുകയാണെന്ന പ്രസക്തമായ പ്രസ്താവന പുറപ്പെടുവിച്ചത്.

മാര്‍ച്ചില്‍ മറ്റൊരു വിധിയില്‍ സര്‍ക്കാരിന്‍റെ യോഗക്ഷേമ പരിപാടികള്‍ക്ക് ആധാര്‍ നിബന്ധമാക്കരുതെന്നു സുപ്രീംകോടതി പറഞ്ഞിരുന്നു. ഓഗസ്റ്റ്‌ 2015ലും ഇതേ ബെഞ്ച്‌ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. ഒക്ടോബര്‍ 2015ല്‍, ചില സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ അനുവാദം തേടിയിരുന്നു. ആധാറിന്‍റെ ഉപയോഗം ‘തികച്ചും സ്വമനസ്സാലെ’ ആവണം എന്നായിരുന്നു അന്നും കോടതി ആവര്‍ത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ