ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ജീവച്ഛവമായെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ നികുതിദായകരുടെ 33,000 കോടി രൂപ ചാരമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന ഖ്യാതി നേടിയ ടാറ്റ നാനോ കാര്‍ ഉത്പാദനം ഏകദേശം പൂര്‍ണമായും നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
അഹമ്മദാബാദിലെ സനന്ദിലുളള നാനോ കാര്‍ പ്ലാന്റിന് വേണ്ടി കേന്ദ്രം 33,000 കോടി രൂപ നല്‍കിയത് ചൂണ്ടിക്കാട്ടി നേരത്തേയും രാഹുല്‍ വിമര്‍ശിച്ചിട്ടുണ്ട്.
റോഡുകളിൽ എവിടെയെങ്കിലും നാനോ കാർ നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിച്ചു. സ്വിസ് ബാങ്കുകളിലുള്ള കള്ളപ്പണം 100 ദിവസത്തിനകം ഇന്ത്യയിൽ തിരിച്ചു കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഓരോരുത്തരുടേയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും മോദി പറഞ്ഞിരുന്നു. നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തിയോ എന്നും രാഹുൽ പരിഹാസത്തോടെ ചോദിച്ചു.