ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടര്‍ അലോക് വർമ്മക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച കേന്ദ്ര വിജിലൻസ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രധാനമന്ത്രിയോട് കോൺഗ്രസ് നേതാവ് മല്ലിഖാർജുന ഖാർഗെ. സിവിസി റിപ്പോർട്ടും അലോക് വർമ്മക്കെതിരായ ആരോപണങ്ങൾ പരിശോധിച്ച ജസ്റ്റിസ് എ.കെ.പട്നായികിന്റെ റിപ്പോർട്ടും പുറത്തുവിടണമെന്ന് കത്ത് അയച്ചാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജനുവരി 10ന് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിറ്റ്സും പരസ്യപ്പെടുത്തണമെന്നും ഖാര്‍ഗെ കത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ നിഗമനത്തിലെത്താന്‍ ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് സഹായകരമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇടക്കാല ഡയറക്ടറായി എം.നാഗേശ്വര റാവുവിനെ ചുമതലപ്പെടുത്തിയത് നിയമപരമല്ലെന്നും എത്രയും വേഗം പുതിയ സിബിഐ ഡയറക്ടറെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് അലോക് വര്‍മ്മയെ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. കമ്മിറ്റിയിലുണ്ടായിരുന്ന ഖാര്‍ഗെ ഈ തീരുമാനം എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി ഇതിനെ പിന്തുണച്ചു.
രണ്ട് പേജുള്ള കത്താണ് ഖാർഗെ പ്രധാനമന്ത്രിക്ക് നൽകിയിരിക്കുന്നത്. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സിവിസി വ്യക്തമാക്കിയിരുന്നു. വർമ്മക്കെതിരായ അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് സിവിസി അന്വേഷണം നിരീക്ഷിച്ച ജസ്റ്റിസ് പട്നായിക്കും അറിയിച്ചിരുന്നു. എന്നിട്ടും അലോക് വർമ്മയെ പുറത്താക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു.