ജയ്‌പൂർ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതിയുട ശുപാർശ. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് അറിയിച്ചത്. കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനിൽ നിലവിലുളള നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

ഈ ഹർജി പരിഗണിക്കവേയാണ് കോടതി കേന്ദ്രസർക്കാരിനു മുൻപാകെ ചില ശുപാർശകൾ വച്ചത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും ഗോവധം നടത്തുന്നവർക്കുളള ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നുമാണ് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. രാജസ്ഥാനിൽ ഗോവധം കുറ്റകരമാണ്. മൂന്നു വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാണ് ഇപ്പോഴുളളത്. ഇത് ജീവപര്യന്തമായി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കശാപ്പ് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുളള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ വലിയ രീതിയിൽ സംസ്ഥാനങ്ങളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. പുതിയ ഉത്തരവിനെതിരെ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രതിഷേധവും നടന്നു. പൊതുസ്ഥലങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റിവലും നടത്തിയിരുന്നു. മാത്രമല്ല, ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും അയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook