ന്യൂഡൽഹി: ഡൽഹിയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സി(യുഎഇ)ൽ നിന്ന് എത്തിയവരാണെന്ന് വിവരം. ഡൽഹിയിലെ ഒമിക്രോൺ പോസിറ്റീവ് കേസുകളുടെ ഉറവിടം സംബന്ധിച്ച കണക്കുകൾ പ്രകാരം യുഎഇയിൽ നിന്ന് എത്തിയ 10 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ ഇതുവരെ 28 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 22 കേസുകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. അതനുസരിച്ചു പോസിറ്റീവായ 19 പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തു നിന്ന് വന്ന 19 പേരിൽ 10 പേർ യുഎഇയിൽ നിന്നുള്ളവരാണ്. രോഗം ബാധിച്ച മറ്റുള്ളവരിൽ നാലുപേർ യുകെ, രണ്ടുപേർ ദക്ഷിണാഫ്രിക്ക, രണ്ടുപേർ ടാൻസാനിയ, ഒരാൾ സിംബാബ്വെ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ്.
അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 15 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച പതിനേഴുകാരനോടൊപ്പം യുകെയില്‍നിന്ന് എത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍നിന്ന് എത്തിയ യുവതി (27), നൈജീരിയയില്‍നിന്ന് എത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Also Read: സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതര്‍ 15
അതിനിടെ, രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 171 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര (54), ഡല്‍ഹി (28), രാജസ്ഥാന് (17), തെലങ്കാന (20), കര്‍ണാടക (19), ഗുജറാത്ത് (11), പശ്ചിമ ബംഗാള്‍ (നാല്). ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഛണ്ഡിഗഡ്, തമിഴ്നാട് (ഒന്നു വീതം) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കേസുകളുടെ എണ്ണം.