ന്യൂഡൽഹി: ഇന്ത്യ – പാക് അതിർത്തി തർക്കത്തിൽ അടുത്ത കാലത്ത് ഇന്ത്യയുടെ ആത്മാഭിമാനത്തിനേറ്റ മുറിവ് മായ്ച്ച സംഭവമായിരുന്നു സർജിക്കൽ സ്ട്രൈക്ക്. അതിർത്തി മുറിച്ച് പാക്കിസ്ഥാനിലെത്തി ആക്രമണം നടത്തി തിരികെ വന്ന ഇന്ത്യൻ സംഘത്തെ അന്ന് നയിച്ചത് മേജർ മൈക് ടാംഗോയാണ്. ഈ ആക്രമണത്തെ കുറിച്ച് വിശദമായാണ് “ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്; ട്രൂ സ്റ്റോറി ഓഫ് മോഡേൺ മിലിറ്ററി ഹീറോസ്” എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

പാക് അധീന കശ്മീരിലെ സൈനിക കേന്ദ്രത്തിലേക്ക് എത്തിയാണ് ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ച് തിരികെ വന്നത്. ഈ ആക്രമണത്തിൽ ഏറ്റവും ദുഷ്കരമായ ഘട്ടം മടങ്ങിവരവായിരുന്നുവെന്ന് മേജർ പുസ്തകത്തിൽ പറയുന്നു. ഈ സമയത്ത് കൂടുതൽ പാക്കിസ്ഥാൻ പട്ടാളക്കാർ ഇവിടെയെത്തിയിരുന്നു. തങ്ങളെ പിന്തുടർന്ന് ഇവരുതിർത്ത വെടിയുണ്ടകൾ ചെവിയുടെ അരികിലൂടെ പാഞ്ഞുപോയെന്നും മേജർ പുസ്തകത്തിൽ വിവരിക്കുന്നു.

ഉറി ആക്രമണത്തിലേറ്റ മുറിവ് മായ്ക്കാനാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്കിനായി പട്ടാള സംഘത്തെ നിയോഗിച്ചത്. “വിരലിലെണ്ണാവുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥർ മാത്രമിരുന്നാണ് സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്തത്.” പുസ്തകത്തിൽ വ്യക്തമാക്കുന്നു. സംഘത്തിന്റെ നായകനെന്ന നിലയിൽ മേജർ ടാംഗോ തന്നെയാണ് സംഘാംഗങ്ങളെ തിരഞ്ഞെടുത്തത്.

പാക് അധീന കാശ്മീരിൽ നിന്നുള്ള മടക്കയാത്രയിൽ ഒരു മല കയറാനുള്ളതായിരുന്നു ആസൂത്രണ സമയത്തെയും പിന്നീടും ഉണ്ടായിരുന്ന വലിയ വെല്ലുവിളിയെന്നാണ് 19 അംഗ പട്ടാള സംഘത്തിന്റെ ചരിത്ര ആക്രമണത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

ശിവ് അരൂർ, രാഹുൽ സിങ് എന്നിവരാണ് ഇന്ത്യൻ സൈന്യത്തിന്റെ 14 വീര പോരാട്ടങ്ങളെ പ്രതിപാദിക്കുന്ന പുസ്തകം എഴുതിയത്. പെൻഗ്വിൻ ബുക്സാണ് പ്രസാധകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ