പെൻസിൽവാനിയ: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് പാരിസ്ഥിതിക ഉടമ്പടിക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാരിസ് പാരിസ്ഥിതിക ഉടമ്പടിക്കെതിരെ അമേരിക്ക ശക്തമായ തീരുമാനങ്ങൾ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അധികം പാരിസ്ഥിതിക മാലിന്യം ഉണ്ടാക്കുന്ന ഇന്ത്യയും റഷ്യയും ചൈനയും നിൽക്കേ അമേരിക്ക മാത്രം ഇതിലേക്ക് പണം നൽകണമെന്നത് അധാർമ്മികമാണെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ വിജയത്തിൽ ഏറെ പിന്തുണ നൽകിയ പെൻസിൽവാനിയയിൽ നടന്ന റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടി ഏകപക്ഷീയമാണെന്നും, അമേരിക്ക ഇതിന് മേൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“അടുത്ത രണ്ടാഴ്ചക്കുള്ളിൽ പാരിസ് ഉടമ്പടിയിൽ ഞാനൊരു വലിയ തീരുമാനം എടുക്കും” ട്രംപ് പറഞ്ഞു. “അമേരിക്ക ഈ കരാറിന് വേണ്ടി ആയിരക്കണക്കിന് കോടി ഡോളർ സംഭാവന ചെയ്യുമ്പോൾ ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന ഇന്ത്യയും ചൈനയും റഷ്യയും ഒന്നും തന്നെ നൽകുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിന് കീഴിലാണ് പാരിസ് പാരിസ്ഥിതിക ഉടമ്പടി 2015ൽ ഒപ്പിട്ടത്. ഇതിൽ 194 അംഗ രാഷ്ട്രങ്ങളിൽ 143 പേരും അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ആഗോള താപനിലയിലെ വർധനവ് രണ്ട് ഡിഗ്രിക്ക് താഴെ നിലനിർത്തുന്നതിനായിരുന്നു ഇതിലെ നിർദ്ദേശങ്ങൾ ലക്ഷ്യമിട്ടത്.

“ഈ കരാറുമായി മുന്നോട്ട് പോയാൽ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അടുത്ത പത്ത് വർഷത്തിനുള്ളിൽ 25000 കോടി യുഎസ് ഡോളറായി ചുരുങ്ങും” അദ്ദേഹം പറഞ്ഞു. “രാജ്യത്തിനകത്തെ ഫാക്ടറികളും തൊഴിൽശാലകളും അടുത്ത പത്ത് വർഷത്തിനുള്ളിൽ പൂർണ്ണമായി അടച്ചുപൂട്ടേണ്ടി വരും. വാഷിങ്ടണിലെ സത്യസന്ധരല്ലാത്ത മാധ്യമങ്ങൾ ഇക്കാര്യം പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നമ്മുടെ വിഭവശേഷിയുടെ ഗുണം മറ്റ് രാജ്യങ്ങൾക്ക് ഇനി ലഭിക്കുകയില്ല. ഇനി മുതൽ അമേരിക്കയ്ക്ക് തന്നെയായിരിക്കും നമ്മുടെ വിഭവ ശേഷിയുടെ പ്രഥമ പരിഗണന” ട്രംപ് വ്യക്തമാക്കി.

പ്രസംഗത്തിനിടെ മെക്സിക്കൻ അതിർത്തിയിൽ വലിയൊരു മതിൽ പണിയുമെന്ന് ട്രംപ് ഉറപ്പുനൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ