/indian-express-malayalam/media/media_files/uploads/2017/04/dinakaran.jpg)
ടിടിവി ദിനകരന്‍
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കി മന്നാർഗുഡി മാഫിയ എന്നറിയപ്പെടുന്ന ശശികലയേയും ബന്ധുക്കളേയും അണ്ണാ ഡി.എം.കെ അമ്മ വിഭാഗം പാർട്ടിയിൽ നിന്നും പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
ശശികലയേയും ടിടിവി ദിനകരനേയും പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനും തീരുമാനമായി. പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യേകസമിതിയും നിലവില്‍ വരും. പാർട്ടി വിട്ടുപോയ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് സുപ്രധാന പദവി നൽകാനും യോഗത്തിൽ തീരുമാനമായി. മന്ത്രിസഭയിലെ 20 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ദിനകരന്റേയും കുടുംബത്തിന്റേയും സ്വാധീനം പാർട്ടിയിൽ ഇല്ലാതാക്കാനാണ് നടപടിയെന്ന് ധനമന്ത്രി ജയകുമാർ പറഞ്ഞു.
ശശികലയും കുടുംബവും നേതൃത്വം നൽകുന്ന പാർട്ടിയിലേക്ക് താൻ വരില്ലെന്ന വ്യക്തമായ സൂചന ഒപിഎസ് നൽകിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്. എഐഎഡിഎംകെ ഒരു കുടുംബത്തിന്റെ കൈയ്യിലേക്ക് മാത്രമായി ഒതുങ്ങുന്നതിനെ വിമർശിച്ച പനീർശെൽവം, ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയാൽ മാത്രമേ താൻ പാർട്ടിയിലേക്ക് മടങ്ങിവരൂ എന്ന നിലപാട് അറിയിച്ചിരുന്നു.
"വി.കെ.ശശിലകലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെട്ടിട്ടുണ്ട്." അദ്ദേഹം പറഞ്ഞു. ടിടിവി ദിനകരൻ തമിഴ്‌നാട്ടിൽ എഐഎഡിഎംകെ യുടെ മാനം നഷ്ടപ്പെടുത്തിയെന്ന് പനീർശെൽവം പത്രസമ്മേളനത്തിൽ രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തിൽ ടിടിവി ദിനകരനെ പ്രതിയാക്കി ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി.തങ്കമണിയുടെ വസതിയിൽ 20 മന്ത്രിമാർ യോഗം ചേർന്നിരുന്നു. ദിനകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും പാർട്ടിയുടെ മുഖച്ഛായ രക്ഷിക്കുന്നതിന് പനീർശെൽവത്തെ പാർട്ടിയിലേക്ക് തിരികെ വിളിക്കാനുമായി യോഗത്തിൽ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.