ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ മൂന്നാമത്തെ വനിതാ ലഫ്റ്റനന്റ് ജനറലായി മാധുരി കനിത്കര്‍. മെഡിക്കല്‍ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫായി ലഫ്റ്റനന്റ് ജനറല്‍ മാധുരി ചുമതലയേറ്റു.
സൈന്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന് തുല്യമായ പരിഗണന നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനു പിന്നാലെയാണ്, മേജര്‍ ജനറലായിരുന്ന മാധുരിയെ ലഫ്റ്റനന്റ് ജനറലായി നിയമിച്ചത്.
സൈന്യത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യ ശിശുരോഗ വിദഗ്ദ്ധ കൂടിയാണ് അവര്‍. അവരുടെ ഭര്‍ത്താവ് രാജീവും ലഫ്റ്റനന്റ് ജനറലാണ്. ഈ പദവിയിലെത്തുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്കാണ്. മാധുരിക്ക് സൈന്യത്തില്‍ 37 വര്‍ഷത്തെ സര്‍വീസുണ്ട്.
വൈസ് അഡ്മിറല്‍ (നാവികസേന), ലഫ്റ്റനന്റ് ജനറല്‍ (കരസേന), എയര്‍ മാര്‍ഷല്‍ (വ്യോമസേന) എന്നിവയാണ് സൈന്യത്തിലെ മൂന്ന് നക്ഷത്രങ്ങളുള്ള പദവികള്‍. സൈന്യത്തിലെ രണ്ടാമത്തെ ഉന്നത പോസ്റ്റാണ് ലഫ്റ്റനന്റ് ജനറല്‍. ലഫ്റ്റനന്റ് ജനറല്‍ പുനിത അറോറയാണ് ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത. പദ്മാവതി ബന്ദോപാധ്യായയാണ് ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍ മാര്‍ഷലായ ആദ്യ വനിതയും മൂന്ന് നക്ഷത്രങ്ങളുള്ള പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ വനിതയും.
ലഫ്റ്റനന്റ് ജനറല്‍ റാങ്കിലേക്ക് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ശനിയാഴ്ച ഒഴിവ വന്നതോടെയാണു മാധുരി കനിത്കര്‍ ചുമതലയേറ്റത്. ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളെജില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിജയിച്ച വിദ്യാര്‍ഥിനിയായിരുന്ന മാധുരി. രാഷ്ട്രപതിയുടെ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട്. എയിംസില്‍നിന്നു ശിശുരോഗത്തില് ബിരുദാനന്തര ബിരുദം നേടി.
പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേശക ബോര്‍ഡില്‍ അംഗമാണ്. ശിശുക്കളിലെ വൃക്കരോഗങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള സൈന്യത്തിലെ ആദ്യ വ്യക്തിയാണ് അവര്‍. എഎഫ്എംസിയുടെ ആദ്യ വനിതാ ഡീന്‍ പദവിയും മാധുരി വഹിച്ചിട്ടുണ്ട്.